കോഴിക്കോട്: ചില കണക്കുകൾ നമ്മെ നന്നായി ചിന്തിപ്പിക്കും. പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. അത്തരം ചില കണക്കുകളാണ് കുട്ടികൾ ഉൗർജോത്സവത്തിൽ അവതരിപ്പിച്ചത്.
ഒരു സെക്കൻഡിൽ ഒരു തുള്ളി ജലം നഷ്ടപ്പെടുത്തിയാൽ പോലും വർഷം 31104 ലിറ്റർ ജലവും അത് ടാങ്കിലെത്താനാവശ്യമായ 50 ലേറെ യൂണിറ്റ് വൈദ്യുതിയും നഷ്ടപ്പെടും. കണക്കുകൾ നിരത്തി ഗാർഹികോർജ്ജ സംരക്ഷണത്തിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾ സ്പഷ്ടമാക്കി.
അതുപോലെത്തന്നെയാണ് മറ്റു ചില കണക്കുകൾ. രണ്ട് പേരുള്ള വീട്ടിൽ പോലും നാലഞ്ച് ഗ്ലാസ്സ് വെള്ളം ചായയ്ക്കായി തിളപ്പിക്കുന്നു എന്നു വയ്ക്കുക. അത്രയും വെള്ളം തിളക്കാനാവശ്യമായ ഉൗർജം പാഴായി. ആവശ്യത്തിലേറ ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന പാചക വാതക നഷ്ടവും അങ്ങനെത്തന്നെ. ഇങ്ങനെ പല തരത്തിൽ ഒരു ദിവസം ഉൗർജം ലാഭിക്കാം. സംരക്ഷിക്കാം. കുട്ടികൾ പഴയ തലമുറയ്ക്ക് പുത്തനറിവുകൾ പകർന്നു. ഇങ്ങനെ നിരവധി മാർഗ്ഗങ്ങളിലൂടെ വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാനും വർദ്ധിച്ചു വരുന്ന ഊർജ്ജാവശ്യങ്ങൾക്ക് പുതു മാർഗങ്ങൾ നിർദ്ദേശിച്ചും വരയും വർണ്ണങ്ങളുമായി ഊർജ്ജസ്വലരായിരുന്നു കുട്ടികൾ.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ആവിഷ്‌കരിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഊർജ്ജോത്സവം. ജില്ലാതല ഉദ്ഘാടനം പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കളക്ടർ സാംബശിവറാവു നിവർഹിച്ചു.
കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലായി നടന്ന ഊർജോത്സവങ്ങളിൽ വിജയികളായ 135 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെമെന്റൊയും വിതരണം ചെയ്തു. ജില്ലാതല മത്സരത്തിൽ കാർട്ടൂൺ, ഉപന്യാസ രചന ,ചിത്രരചന, ക്വിസ് മത്സരങ്ങളിൽ ഊർജ്ജസംരക്ഷണത്തിന്റെ പുതുപാഠങ്ങൾ അവതരിപ്പിച്ച് കുട്ടികൾ ശ്രദ്ധേയരായി.
. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.മുരളി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ റജീന, സകൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാസ്മിൻ എന്നിവർ സംസാരിച്ചു. ഡോ.എൻ. സിജേഷ് സ്വാഗതവും എം.കെ.സജീവ് കുമാർ നന്ദിയും പറഞ്ഞു.
ഊർജ സംരക്ഷണം ഇങ്ങനെ
# ജലം പാഴാക്കുന്നത് തടയുക
# വൈദ്യുതി ഉപയോഗം ക്രമീകരിക്കുക
# പെട്രോൾ ഉപയോഗം കുറയ്ക്കുക
# സൗരോർജം പ്രോത്സാഹിപ്പിക്കുക