കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ആദ്യമായി സംഘടിപ്പിക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സൽ ഇന്നും നാളെയും നടക്കും.

വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയില്‍ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ബീച്ചില്‍ ഒരുക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്‌കാരിക നായകരും പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന പരേഡ് വീക്ഷിക്കാന്‍ വന്‍ ജനാവലിയെത്തുമെന്നാണ് ജില്ലാഭരണകൂടം പ്രതീക്ഷിക്കുന്നത്.

26 ന് രാവിലെ എട്ടു മണിക്ക് നടക്കുന്ന പരേഡിന് - എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിവാദ്യമര്‍പ്പിക്കും. പൊലീസ്, ട്രാഫിക് പൊലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്സ്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ക്ക് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളും ഇത്തവണത്തെ പരേഡിൽ ഉണ്ടാവും.

ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, ട്രാഫിക് പൊലീസ്, എസ്.പി.സി, മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ്, പഞ്ചായത്ത്, ഫിഷറീസ്, കെ.എസ്.ഇ.ബി, നെഹ്‌റു യുവ കേന്ദ്ര, കോഴിക്കോട് കോര്‍പറേഷന്‍, ചൈല്‍ഡ് ലൈന്‍, ഡി.ടി.പി.സി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേന്ദ്രീയ വിദ്യാലയം-1 തുടങ്ങിയ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്ലോട്ടുകള്‍ പരേഡില്‍ അണിനിരക്കും. ദേശഭക്തി ഗാനം, ബാന്‍ഡ് വാദ്യം, ശിങ്കാരി മേളം, മാര്‍ഗം കളി, തിരുവാതിര, ദഫ്, ഒപ്പന, നൃത്തം തുടങ്ങി വിവിധ കലാരൂപങ്ങളുടെ പ്രകടനവും ഉണ്ടാവും. പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷയൊരുക്കും.

ജില്ലാ കളക്ടര്‍ സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണന്‍, സിറ്റി പൊലീസ് കമ്മിഷണർ എ..വി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ പരേഡിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.