കൽപ്പറ്റ: റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് ഇന്റർസെപ്റ്റർ ട്രാഫിക് ബോധവൽക്കരണം സംഘടിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിച്ച് വന്ന ഡ്രൈവർമാർക്ക് ഇന്റർസെപ്റ്റർ വയനാട് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ എം.വി.സാബുവിന്റെ നേതൃത്വത്തിൽ ടെമ്പസ്റ്റ് ഓട്ടോമോട്ടീവ് ചെയർമാൻ അബ്ദുൾ സലാം സമ്മാനം വിതരണം ചെയ്തു. ഇന്റർസെപ്റ്റർ യൂണിറ്റിന്റെ പ്രവർത്തനം മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് ജില്ലയിലെ അപകടങ്ങളും, വാഹന അപകടമരണ നിരക്കുകളും കുറവ് വരുത്തുവാൻ സാധിച്ചതായി പൊലീസ് പറഞ്ഞു.
ജില്ലയിലെ പ്രധാന അപകട മേഖലകളായ താഴെ മുട്ടിൽ, വാര്യാട്, കൃഷ്ണഗിരി, മുത്തങ്ങ എന്നിവിടങ്ങളിലാണ് ഇന്റർസെപ്റ്റർ വേഗ പരിശോധന കൂടുതൽ നടത്തിവരുന്നത്.
2019 വർഷത്തെ ഇന്റർസെപ്റ്റർ യൂണിറ്റിന്റെ വാഹന പരിശോധനയിൽ 3202 അമിത വേഗത കേസുകളിൽ നിന്നായി 14,84,800/- രൂപ പിഴ ഈടാക്കുകയും നോട്ടീസ് നൽകി അയച്ച 269 കേസുകളിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 2,30,850/- രൂപ പിഴ അടച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.