ഭൂമി അവകാശമാണ് ആദിവാസികൾക്കെല്ലാം ഭൂമി ഉറപ്പ് വരുത്തും
:മന്ത്രി. ഇ ചന്ദ്രശേഖരൻ
മൂന്നര വർഷത്തിനുളളിൽ സംസ്ഥാനത്ത് നൽകിയത് 1,40,000 പട്ടയം
കൽപ്പറ്റ: ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി ഉറപ്പ് വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കൽപ്പറ്റ ടൗൺ ഹാളിൽ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഔദാര്യമല്ല അവകാശമാണ്. ആദിവാസികൾക്ക് സർക്കാർ അനുവദിച്ച വന ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിലുളള കാലതാമസം ഒഴിവാക്കണം. അനുവദിക്കപ്പെട്ട ഭൂമി ഏതാണെന്ന് തിട്ടപ്പെടുത്തുന്ന മുറയ്ക്ക് ഏറ്റെടുത്ത് വിതരണം ചെയ്യാൻ റവന്യൂ വകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ വിതരണം ചെയ്യുന്ന 10 സെന്റ് ഭൂമിക്ക് പുറമെ ബാക്കിയുളള 90 സെന്റ് ഭൂമിയും വനം വകുപ്പ് ഭൂമി വിട്ട് നൽകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മൂന്നര വർഷത്തിനുളളിൽ 1,40,000 പേർക്ക് പട്ടയം നൽകി. അഞ്ച് ജില്ലകളിൽ കൂടി പട്ടയവിതരണം പൂർത്തിയാകുന്നതോടെ പട്ടയം ലഭിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷം കടക്കും. സാങ്കേതികത്വത്തിന്റെ പേരിൽ കേസ് തീർപ്പുകൽപ്പിക്കുന്നത് അനന്തമായി നീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ട്രൈബ്യൂണലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ്,എ.ഡി.എം തങ്കച്ചൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
(ചിത്രം)
ആദിവാസി ഭൂമി വിതരണം:
രണ്ട് മാസത്തിനകം നടപടി
പൂർത്തീകരിക്കാൻ നിർദ്ദേശം
കൽപ്പറ്റ: ജില്ലയിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നതിനുളള നടപടികൾ രണ്ട് മാസത്തിനകം പൂർത്തീകരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലൻ നിർദ്ദേശം നൽകി. കൽപ്പറ്റ ടൗൺഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീകോടതി വിധി പ്രകാരം വനം വകുപ്പിൽ നിന്ന് ലഭിക്കേണ്ട ഭൂമിയും റിക്കാർഡ് ഓഫ് റൈറ്റ് പ്രകാരം കൊടുക്കാനുളള ഭൂമിയും പട്ടികവർഗ്ഗ വകുപ്പ് പണം നൽകി വാങ്ങിയ ഭൂമിയും വിതരണം ചെയ്യാൻ സാധിച്ചാൽ ഭൂപ്രശ്നം ഒരു പരിധി വരെ പരിഹാരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എറ്റവും കൂടുതൽ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുളളത് വയനാട്ടിലാണ്. 8051 പേർക്കാണ് സ്വന്തമായി ഭൂമിയില്ലെന്ന് കണ്ടെത്തിയിട്ടുളളത്. വനാവകാശ നിയമപ്രകാരം 121 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. മുത്തങ്ങ സമരത്തിന്റെ ഭാഗമായി 225 പേർക്ക് 225 ഏക്കർ നിക്ഷിപ്ത വനഭൂമി നൽകി. 171 പേർക്ക് 20.4 ഏക്കർ ഭൂമി വില കൊടുത്ത് വാങ്ങി നൽകി. ആകെ 604 പേർക്ക് 368.98 ഏക്കർ ഭൂമി ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിതരണം ചെയ്തിട്ടുണ്ട്. ഈ പട്ടയമേളയിൽ 518 കൂടി ഭൂമി വിതരണം ചെയ്യുകയാണ്. 500 പേർക്ക് പത്ത് സെന്റ് വീതം നിക്ഷിപ്ത വനഭൂമിയും 18 പേർക്ക് കൈവശ രേഖയുമാണ് നൽകുന്നത്. 6929 പേർക്ക് കൂടി ഭൂമി നൽകേണ്ടതുണ്ട്. ഇതിൽ പകുതി പേർക്ക് കുറച്ച് ഭൂമിയുണ്ട്. ഏകദേശം 3500 പേർക്കാണ് തീരെ ഭൂമിയില്ലാത്തവരായി കാണുന്നതെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസികളുടെ ഭൂപ്രശ്നം പരിഹാരിക്കാൻ സാധിച്ചില്ലെങ്കിൽ കുറ്റബോധം കൊണ്ട് തലതാഴ്‌ത്തേണ്ടി വരും. ഭൂമി വിട്ട് നൽകുന്ന കാര്യത്തിൽ വനം വകുപ്പ് കൂടുതൽ സൗമനസ്യം കാണിക്കണം. സുപ്രീകോടതി വിധി പ്രകാരം ലഭിക്കേണ്ട ഭൂമി വനം വകുപ്പ് വിട്ട് നൽകാത്തതാണ് ഭൂവിതരണത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
(ചിത്രം)
ജില്ലയിലെ നാലാമത്തെ
സ്മാർട്ട് വില്ലേജ് ഓഫീസ്
മാനന്തവാടി: കാലത്തിനനുസരിച്ച് സർക്കാർ ഓഫീസുകളുടെ നവീകരണം ജീവനക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ജനസേവനത്തിന് മാതൃകയാകുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ നാലാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വികസന നയത്തിന്റെ ഭാഗമായി സൗകര്യപ്രദമായ കെട്ടിടം നിർമ്മിച്ചും, പൊതുജന സൗഹൃദപ്രദമായ രീതിയിൽ ഓഫീസ് സംവിധാനം ആധുനികവൽക്കരിച്ചും കേരളത്തിലെ വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
43,85000 രൂപ ചെലവഴിച്ചാണ് മാനന്തവാടിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഓഫീസ് പൂർത്തിയാക്കിയത്. സംരക്ഷണ ഭിത്തിയടക്കമുള്ള ചുറ്റുമതിൽ, ഗേറ്റ്, കിണർ, കല്ല് പാകിയതും പുൽത്തകിടി പിടിപ്പിച്ചുമുള്ള വിശാലമായ മുറ്റം, പൊതുജനങ്ങൾക്കുള്ള ടോയ്ലറ്റ്, ശുദ്ധീകരിച്ച കുടിവെള്ളം, ഇരിപ്പിട സൗകര്യങ്ങളുള്ള വിശാലമായ വെയിറ്റിംഗ് ഏരിയ, അംഗ പരിമിതർക്കുള്ള റാമ്പ് സൗകര്യം, ലൈറ്റിങ്ങോടുകൂടിയുള്ള സീലിംഗ് വർക്കുകൾ, ജീവനക്കാർക്കുള്ള കാബിനുകൾ, ഫ്രണ്ട് ഓഫീസ് സൗകര്യം,നെറ്റ് വർക്ക് സൗകര്യം, ഫർണിച്ചർ തുടങ്ങിയവയോടു കൂടിയാണ് ഇതിന്റെ നിർമ്മാണം.
തിരുനെല്ലി, തൊണ്ടർനാട് എന്നിവിടങ്ങളിൽ നിർമ്മിച്ച റവന്യൂ ജീവനക്കാർക്കുള്ള സ്റ്റാഫ് ക്വാട്ടേഴ്സുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള, സബ് കലക്ടർ വികൽപ്പ് ഭരദ്വാജ്, നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ്, തഹസിൽദാർ എൻ.ഐ.ഷാജു, വില്ലേജ് ഓഫീസർ സുജിത് ജോസി തുടങ്ങിയവർ സംസാരിച്ചു.
( ചിത്രം)