കോഴിക്കോട്: മതവിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പങ്ക് നിസ്തുലമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുടെ ആഭിമുഖ്യത്തിൽ നടന്ന അറബിക് കോളേജ് ഭാരവാഹികളുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദർശങ്ങളിൽ അടിയുറച്ചും ദേശസ്നേഹവും സാമുദായിക സൗഹൃദവും സുദൃഢമാക്കിയും ഗുരു- ശിഷ്യ ബന്ധം സ്ഥാപിച്ചും രാജ്യനൻമ ലക്ഷ്യമാക്കിയുമാണ് സമസ്തയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് അധ്യാപകരും വിദ്യാർഥികളും സ്ഥാപന ഭാരവാഹികളും ശ്രമിക്കണമെന്നും തങ്ങൾ പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷനായി. മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാൻ മുസ്ലിയാർ, എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, കെ.ടി ഹംസ മുസ്ലിയാർ, കെ ഉമർ ഫൈസി മുക്കം, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി, ആർ.വി കുട്ടിഹസ്സൻ ദാരിമി സംസാരിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമർ മുസ്ലിയാർ കൊയ്യോട് സ്വാഗതവും വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി നന്ദിയും പറഞ്ഞു.