കൽപ്പറ്റ: ഇനി സ്വന്തമായൊരു വീടുവെക്കണം. കൈയ്യിൽ കിട്ടിയ പട്ടയ രേഖ നെഞ്ചോട് ചേർത്ത് എഴുപത്തിയേഴുകാരിയായ സുകുമാരിയമ്മ പറഞ്ഞു. പതിറ്റാണ്ടുകളാണ് ഭൂമിക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നതിനായി മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ കുപ്പാടിയിൽ കൊച്ചുവട്ടപ്പാറ വാഴവറ്റ പരേതനായ നാരായണന്റെ ഭാര്യ സുകുമാരിയമ്മ കാത്തിരുന്നത്.
94 സെന്റ് ഭൂമിയുണ്ടെങ്കിലും പട്ടയമില്ലാത്തതിനാൽ ഇവിടെ ഒരു വീടു വെക്കാൻ കഴിഞ്ഞിരുന്നില്ല. മകൾക്കൊപ്പം താൽക്കാലിക ഷെഡ്ഡിലായിരുന്നു കാലങ്ങളായുള്ള ഇവരുടെ ജീവിതം. ഇവിടെ നിന്നുമാണ് കൽപ്പറ്റയിലെ പട്ടയമേളയിൽ ഇവർ ഭൂമിയുടെ ഉടമസ്ഥവാകാശം ഏറ്റുവാങ്ങാൻ നിറഞ്ഞ സന്തോഷത്തോടെ എത്തിയത്.
50 വർഷമായി വാഴവറ്റയിൽ താമസിക്കുന്ന ഈ അമ്മയുടെ നീണ്ട നാളായുള്ള കാത്തിരിപ്പു കൂടിയാണ് ഇവിടെ സഫലമായത്. മുപ്പത് വർഷത്തോളം പട്ടയം കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങിയ ആ അമ്മയ്ക്ക് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനിൽ നിന്നും പട്ടയം കൈപ്പറ്റുമ്പോൾ നിറഞ്ഞ സന്തോഷം. മകൾക്കൊപ്പമെത്തിയ സുകുമാരിയമ്മ മന്ത്രിക്കും ഉദ്യോഗസ്ഥരോടുമെല്ലാം നന്ദി പറഞ്ഞാണ് മടങ്ങിയത്.
മീനങ്ങാടി ഗോഖലെ നഗറിൽ പരേതനായ വെളുക്കന്റെ ഭാര്യയായ ജാനുവിനും ഇത് സ്വപ്നസാഫല്യമാണ്. ഇവർക്കും ഇനിയും സ്വന്തം ഭൂമിയിൽ തലചായ്ക്കാം. ഭർത്താവ് മരിച്ച മകളും പേരക്കുട്ടിയും അടങ്ങിയ ജാനുവിന്റെ കുടുംബത്തിന് കൈവശരേഖ കിട്ടിയതോടെ ആശ്വാസമായി. ഇനി സർക്കാരിന്റെ പദ്ധതിയിൽ ഇവിടെ വീടൊരുക്കാം. ഭൂമി സംബന്ധമായ കാലങ്ങളായുള്ള അനിശ്ചിതാവസ്ഥയ്ക്കാണ് ഇതോടെ വിരാമമായത്. ജാനുവിന്റെ സഹോദരിയുടെ വീടിനോട് ചേർന്ന് ഷീറ്റ് വലിച്ച് കെട്ടിയ ഷെഡ്ഡിലാണ് ഈ കുടുംബത്തിന്റെ ഇപ്പോഴുള്ള താമസം. ഇനി സ്വന്തം ഭൂമിയിൽ വീടെന്ന സ്വപ്നം ഒരുക്കാം.
ജില്ലയിൽ 976 കുടുബങ്ങളാണ് കൽപ്പറ്റയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ ഭൂമിയുടെ അവകാശികളായത്. 490 പേർക്ക് കൈവശരേഖയും 486 പേർക്ക് പട്ടയവും വിതരണം ചെയ്തു. ജില്ലയിൽ വനാവകാശ നിയമ പ്രകാരം 15 കുടുംബങ്ങൾക്കും പട്ടികവർഗ്ഗക്കാരായ 462 കുടുംബങ്ങൾക്കും, സുഗന്ധഗിരിയിൽ 11 കുടുംബങ്ങൾക്കും, മുത്തങ്ങയിൽ 2 കുടുംബങ്ങൾക്കുമാണ് കൈവശ രേഖ നൽകിയത്. 108 ഭൂപതിവ് പട്ടയവും 353 ലാൻഡ് ട്രൈബ്യൂണൽ പട്ടയം, 25 ദേവസ്വം പട്ടയവും ജില്ലാതല പട്ടയ മേളയിൽ വിതരണം ചെയ്തു.