കോഴിക്കോട്: കാരന്തൂര്‍ ടൗണില്‍ കെ.എസ്.ഇ.ബി പുതുതായി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. എട്ട് ലക്ഷം രൂപയാണ് ട്രാന്‍സ്ഫോര്‍മറിന്റെ ചെലവ്.
സ്ഥലം ലഭ്യമാക്കുതിന് കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എൻജിനിയര്‍ എം.എല്‍.എ മുഖേന ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാരന്തൂര്‍ വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ അനുവദിച്ചു കിട്ടിയ ഒന്നര സെന്റ് സ്ഥലത്താണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്.
100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിന്റെ വിതരണശേഷി. 500 കെ.വി.എ വരെ ഉയര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍. ഇതോടെ കാരന്തൂരിലും പരിസര പ്രദേശങ്ങളിലും തടസരഹിതമായ വൈദ്യുതി ലഭ്യമാവും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, ഷൈജ വളപ്പില്‍, ബഷീര്‍ പടാളിയില്‍, സനില വേണുഗോപാലന്‍, എം.കെ മോഹന്‍ദാസ്, എന്‍. വേണുഗോപാലന്‍ നായര്‍, കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ ടി അജിത്ത്, സബ് എൻജിനീയര്‍ എം.വി ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.