പന്തീരങ്കാവ്: പന്തീരാങ്കാവ് അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പൊലീസ് നടപടികൾ സ്വീകരിക്കും. പന്തീരാങ്കാവ് സർക്കിൾ ഇൻസ്‌പെക്ടർ ബൈജു കെ.ജോസ് വിളിച്ചു ചേർത്ത യോഗത്തിന്റെതാണ് തീരുമാനം.

മെഡിക്കൽ കോളേജ് ഭാഗത്തു നിന്നു വരുന്ന മിനി ബസ്സുകൾ മണക്കടവ് റോഡിലെ മുജാഹിദ് പള്ളിക്ക് സമീപത്ത് നിറുത്തണം. കോഴിക്കോട് നഗരത്തിൽ നിന്ന് മണക്കടവ്, അറപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകൾ ദാന ബേക്കറിക്ക് സമീപം ആളുകളെ ഇറക്കിയ ശേഷം ദേശീയ പാതയിലെ സർക്കിൾ ചുറ്റി ഇടത് വശം ചേർന്ന് പോകേണ്ടതാണ്. പന്തീരാങ്കാവ് ഭാഗത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് പോകുന്ന ബസ്സുകൾ നിലവിലുള്ള സ്റ്റോപ്പിൽ നിന്നും കുറച്ച് കൂടി പടിഞ്ഞാറ് ഭാഗത്ത് പഞ്ചായത്ത് ബിൽഡിംഗ് കോംപ്ലക്‌സിന് മുൻവശത്ത് നിറുത്തുവാനും തീരുമാനമായി. ഒരേ സമയത്ത് നിലവിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ആറ് ഓട്ടോറിക്ഷകൾ മാത്രമേ നിറുത്തുവൂ എന്നുംതീരുമാനിച്ചു.

ബസ്സുൾ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ പുറപ്പെട്ടു പോവണം.യാതൊരു കാരണവശാലും സ്റ്റോപ്പിൽ ബസ്സുകൾ പാർക്ക് ചെയ്യാൻ പാടില്ല. സ്ഥാപനങ്ങൾക്ക് മുൻവശം റോഡിന്റെ ഒരു ഭാഗത്ത് മാത്രം ഒന്നിട വിട്ട് ഇരുചക്രവാഹനങ്ങൾ പരമാവധി അടുപ്പിച്ച് നിറുത്തുവാനും തീരുമാനമായി.

രാമനാട്ടുകര ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ പന്തീരാങ്കാവ് അങ്ങാടിയിലേക്ക് പ്രവേശിക്കാതെ കാഫിയ ഹോട്ടലിന് സമീപത്ത് ദേശീയ പാതയിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.നിലവിൽ അങ്ങാടിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ വൈഫൈ സംവിധാനത്തോടെ പൊലീസ് സ്റ്റേഷനിലെ മോണിറ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ കാമറയിലൂടെ നിരീക്ഷിച്ച് ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോറിക്ഷ കോ-ഓഡിനേഷൻ ഭാരവാഹികൾ, ബസ്സുടമസ്ഥ സംഘം പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, വിവിധ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.