വടകര : ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോ പോളിയോ പിടിപെട്ട് കൈകാലുകള്‍ തളര്‍ന്ന കാര്‍ത്തികപ്പള്ളിയിലെ തയ്യുള്ളതില്‍ ബാബുവിനു എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരുതല്‍. ബാബു നിര്‍മിക്കുന്ന കടലാസു പേനകള്‍ വാങ്ങി ഇദ്ദേഹത്തിന് ആത്മവിശ്വാസം പകരുകയാണ് ചോറോട് എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍.
കൈകാലുകള്‍ തളര്‍ന്ന് വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു ബാബു. ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സെക്കന്‍ഡറി പാലിയേറ്റീവ് ടീം ബാബുവിന് കാലാസു പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കിയതാണ് വഴിത്തിരിവായത്. ഒരു പ്രാവശ്യം മാത്രമാണ് പരിശീലനത്തില്‍ പങ്കെടുത്തതെങ്കിലും മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിവിധ കളര്‍ പേനകളെ വെല്ലുന്ന കടലാസു പേനകളാണ് ബാബു നിര്‍മിച്ചിരിക്കുന്നത്. സെക്കന്‍ഡറി ഹോം കെയര്‍ ടീം, മടപ്പള്ളി കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവ ചേര്‍ന്ന് കടലാസു പേനകള്‍ വില്‍പ്പന നടത്തിവരികയാണ്.
ചോറോട് എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് അംഗം രാജേഷ് ചോറോട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സീന ജിതേഷ് അദ്ധ്യക്ഷയായി. ഓര്‍ക്കാട്ടേരി സി.എച്ച്.സിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ജിംന റിതേഷ് പദ്ധതി വിശദീകരിച്ചു. പ്രസാദ് വിലങ്ങില്‍, ടി.കെ.ലീല, രജിഷ എന്നിവർ സംസാരിച്ചു.