പുൽപ്പള്ളി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കബനിഗിരിയിലെ പൂവ്വത്തിങ്കൽ രാജിക്കും മക്കൾക്കും മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട്‌ സോഷ്യൽ സർവീസ് സൊസൈറ്റി പുതിയ വീട് നിർമ്മിച്ചുനൽകി. കഴിഞ്ഞ പ്രളയത്തിൽ രാജിക്ക് സ്വന്തമായി ഉണ്ടായിരുന്ന വീട് പൂർണമായും തകർന്നു. കുറെ സ്ഥലവും ഒലിച്ചു പോയി. വീട് നിന്നിരുന്നത് പുറമ്പോക്കിൽ ആയിരുന്നു. പുതിയ സ്ഥലം വാങ്ങി വീട് വെക്കുക എന്നത്, ഭർത്താവ് ഉപേക്ഷിച്ചുപോയ രാജിക്ക് സ്വപ്നം മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് കബനിഗിരി സോഷ്യൽ വെൽഫെയർ സൊസൈറ്റി രാജിക്ക് പുതിയ സ്ഥലം വാങ്ങുന്നതിനും അതിൽ ചെറിയ ഒരു വീട് വെക്കുന്നതിനും സഹായം അഭ്യർത്ഥിച്ച് വയനാട്‌ സോഷ്യൽ സർവീസ് സൊസൈറ്റിയെ സമീപിച്ചത്. സൊസൈറ്റി സുമനസുകളുടെ സഹകരണത്തോടെ 5 സെന്റ് സ്ഥലം വാങ്ങുകയും അതിൽ ഒരു കുഞ്ഞുവീട് നിർമ്മിക്കുകയും ചെയ്തു. ലോക ബാങ്ക് കൺസൾട്ടന്റും സാമൂഹ്യ പ്രവർത്തകനുമായ പി.കെ. കുര്യനും സുഹൃത്തുക്കളും ഇതിലേക്കാവശ്യമായ തുകയുടെ പ്രധാന ഭാഗം സംഭാവന ചെയ്തു.

വീടിന്റെ താക്കോൽ മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം രാജിക്ക് കൈമാറി. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല, വാർഡ് മെമ്പർ പി.വി.സെബാസ്റ്റ്യൻ, കബനിഗിരി പള്ളി വികാരി ഫാ.തോമസ് പൊൻതൊട്ടി, അസ്സോ. ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ.ജോസ്,കോ ഓർഡിനേറ്റർ സിസ്റ്റർ അനിലിറ്റ്, ഫീൽഡ്‌ കോ ഓർഡിനേറ്റർ സുജ മാത്യു തുടങ്ങിയവർ സംസാരിച്ചു.