കൽപറ്റ: ജനുവരി 26ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി വയനാട്ടിൽ മാനന്തവാടി മുതൽ കൽപറ്റ വരെ മനുഷ്യ മഹാശൃഖല തീർക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ജില്ലയിലെ ആദ്യ കണ്ണിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പങ്കെടുക്കും.എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി മോഹനൻ, ഒ.ആർ കേളു എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംഘാടക സമിതി ചെയർമാൻ സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ എന്നിവരും കണ്ണികളാകും.
കൽപറ്റയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ മനുഷ്യ മഹാശൃംഖലയുടെ ജില്ലയിലെ അവസാന കണ്ണിയാവും. എൽ.ഡി.എഫ് ഘടക കക്ഷികളുടെ വിവിധ നേതാക്കൾ വിവിധ പ്രദേശങ്ങളിൽ കണ്ണികളാകും. മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകുന്നവർ നാല് മണിക്ക് പ്രതിജ്ഞയെടുക്കും. തുടർന്ന് പതിനേഴ് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും. മാനന്തവാടി, മാനന്തവാടി ഗവൺമെന്റ് കോളേജ് പരിസരം, ദ്വാരക, അഞ്ചാംമൈൽ, അഞ്ചുകുന്ന്, കൈതക്കൽ, പനമരം, മില്ലുമുക്ക്, കണിയാമ്പറ്റ, കമ്പളക്കാട്, മടക്കിമല, പുളിയാർമല, കൈനാട്ടി, സിവിൽ സ്റ്റേഷൻ, കനറാ ബാങ്ക്, പഴയ സ്റ്റാന്റ്, പുതിയ സ്റ്റാന്റ് എന്നിവിടങ്ങിലാണ് പൊതുയോഗം.
കെ.വി മോഹനൻ, സി.കെ ശശീന്ദ്രൻ, വിജയൻ ചെറുകര, പി.കെ ബാബു, മുഹമ്മദ് പഞ്ചാര, വി.പി വർക്കി, സി.എം ശിവരാമൻ, രാധാകൃഷ്ണൻ, സണ്ണി മാത്യു ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.