കോഴിക്കോട്: എസ്.ബി.ഐയുടെ കോഴിക്കോട് മെയിൻ ബ്രാഞ്ചിൽ നിന്നും 18 ലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയതായിരുന്നു വള്ളവും വലയും. എന്നാൽ കടൽക്ഷോഭത്തിൽ അത് നഷ്ടപ്പെട്ട് ഒരു മത്സ്യത്തൊഴിലാളി ഗ്രൂപ്പ് കടക്കെണിയിലായി.
എന്നാൽ ബാങ്ക് അത് ഒറ്റയടിക്ക് വക വച്ചു കൊടുക്കില്ല. അങ്ങനെയാണ് അവർ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനെ സമീപിച്ചത്. ഇന്നലെ നടന്ന സിറ്റിംഗിൽ അവർക്ക് അല്പം ആശ്വാസമായി.
മത്സ്യത്തൊഴിലാളി ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് അടുത്ത സിറ്റിംഗിൽ പരിഗണിക്കുവാൻ കമ്മീഷൻ തീരുമാനിച്ചു.
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തിൽ നടത്തിയ സിറ്റിംഗിൽ നോട്ടീസ് നല്കിയ 148 അപേക്ഷകരിൽ നിന്നാണ് തെളിവെടുപ്പ് നടത്തിയത്.
കാരന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത മത്സ്യത്തൊഴിലാളിക്ക് 84,768 രൂപ കടാശ്വാസമായി അനുവദിക്കാൻ ശുപാർശ ചെയ്തു. മടപ്പള്ളി-അഴിയൂർ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്നെടുത്ത 14 വായ്പകളിൽ 5,08,000 രൂപ കാലഹരണപ്പെട്ട വായ്പയായി കണ്ട് തീർപ്പാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
എന്നാൽ വേറെ ചില അപേക്ഷകളിൽ അങ്ങനെ തീർപ്പാക്കാൻ കഴിയാതെ വന്നു.
ബേപ്പൂർ-ചാലിയം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്നും 13 അപേക്ഷകളാണ് ലഭിച്ചത്. 3,63,945 രൂപയാണ് അവർ ആശ്വാസമായി ആവശ്യപ്പെട്ടത്.വടകര-മുട്ടുങ്ങൽ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൽ നിന്നും നാല് വായ്പകളിലായി 6,11,000 രൂപയും മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നിന്നും അഞ്ച് വായ്പകളിലായി 1,70,552 രൂപയും കാലഹരണപ്പെട്ടതിനാൽ വായ്പക്കാർക്ക് ബാദ്ധ്യതയില്ലാതായി. അതിനാൽ കടാശ്വാസം അനുവദിക്കാൻ സാധിക്കാതെയും വന്നു.
കാലഹരണപ്പെട്ട വായ്പയായി കണ്ട് കടക്കണക്ക് തീർപ്പാക്കാൻ നിർദ്ദേശിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ സംഘത്തിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് ഹാജരായ സംഘം പ്രതിനിധി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ 15 ദിവസത്തിനകം രേഖാമൂലം കാരണം ബോധിപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.
തൃപ്തികരമായ വിശദീകരണം ലഭിക്കുകയാണെങ്കിൽ കടാശ്വാസം അനുവദിക്കുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ 2008ലെ വായ്പകളിൽ കടാശ്വാസം അനുവദിക്കുന്നതിനുള്ള തെളിവെടുപ്പും പുതിയതായി ലഭിച്ച പരാതികളും അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
കമ്മീഷൻ അംഗങ്ങളായ കൂട്ടായി ബഷീർ, കെ.എ. ലത്തീഫ് എന്നിവർ പങ്കെടുത്തു. സഹകരണ വകുപ്പ് ജീവനക്കാരായ ശരണ്യ എം, കെ. മിനി ചെറിയാൻ എന്നിവരും വിവിധ ബാങ്ക് മാനേജർമാരും പരാതിക്കാരും മത്സ്യത്തൊഴിലാളി നിരീക്ഷകരായ കെ.വി. ഖാലിദ്, ഉദയഘോഷ്, പി. അശോകൻ, കിണറ്റിൻകര രാജൻ എന്നിവരും പങ്കെടുത്തു.
# 40 മത്സ്യത്തൊഴിലാളികളുടെ
വായ്പകൾ ഇൗ സംഘങ്ങളിൽ നിന്ന്.
ഇവരുടെ വായ്പയിൽ
കാരണം ബോധിപ്പിക്കാൻ
15 ദിവസം അനുവദിച്ചു
@ മടപ്പള്ളി-അഴിയൂർ സംഘം
@ പുതിയങ്ങാടി-എലത്തൂർ സംഘം
@ കപ്പക്കടവ്-തുവ്വപ്പാറ സംഘം
@ വെള്ളയിൽ-കാമ്പുറം സംഘം
@ വടകര-മുട്ടുങ്ങൽ സംഘം
@ കൊല്ലം-മൂടാടി-ഇരിങ്ങൽ സംഘം
@ അഴിയൂർ-ചോമ്പാല സംഘം
@ ഇരിങ്ങൽ സംഘം