കൽപ്പറ്റ: ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ മികച്ച വിദ്യാർഥികൾക്കായി ജില്ലാ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക സഹകരണ സംഘത്തിന്റെയും ഇന്ന് ഓൺലൈൻ ന്യൂസ് ആൻഡ് മാഗസിന്റെയും സംയുക്താഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഏകദിന ശില്പശാല നടത്തും.
25ന് ശനിയാഴ്ച കൽപ്പറ്റ എസ്.പി. ഓഫീസിന് സമീപമുള്ള പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും.
ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.ഇളങ്കോ മുഖ്യാതിഥി ആയിരിക്കും. ജില്ലാ ഫോറസ്റ്റ് ഓഫീസർ രമേശ് ബിഷ്‌ണോയി മുഖ്യപ്രഭാഷണം നടത്തും.
സിവിൽ സർവീസ് സിലബസ്, രാജ്യത്ത് ലഭ്യമായ ഉയർന്ന ശ്രേണിയിലുള്ള വിവിധതരം ഉദ്യോഗങ്ങൾ, 24 വിഭാഗങ്ങളിലെ സിവിൽ സർവീസുകൾ തുടങ്ങിയവയ്ക്ക് എങ്ങനെ തയ്യാറെടുക്കാം എന്നതിനെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും ക്ലാസ്സുകൾ ഉണ്ടായിരിക്കും.
ജില്ലാ ഇ സി എച്ച് എസ് ഓഫീസറും മുൻ ബ്രിഗേഡിയറുമായ വി.ജോർജ് മുഖ്യ ഫാക്കൽറ്റിയും കൽപ്പറ്റ സിവിൽ സർവീസ് അക്കാദമിയിലെ ബിജു തങ്കപ്പൻ ഫാക്കൽടിയുമാണ്.
ഹയർ സെക്കൻഡറി സ്‌കൂളുകളിലെ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ശാഖകളിൽ നിന്ന് രണ്ട് വീതം വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽമാരുടെ ശുപാർശയോടെ പരിശീലനത്തിന് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് ഫോൺ: 9447316365, 9447229214.