കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്റെയും താഹയുടെയും വീടുകൾ മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചതിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കണമെന്ന് ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ. ചുമതലയേറ്റശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സിയുടെ ഔദ്യോഗിക നിലപാടാണോ ഇതെന്ന് വ്യക്തമാക്കണം. ഗുരുതരമായതും പ്രതിഷേധാർഹവുമായ നടപടിയാണ് പ്രതിപക്ഷ നേതാവിന്റേത്. പ്രതികൾക്ക് ആദ്യം പിന്തുണ നൽകിയ സി.പി.എം നേതാക്കൾ കേസിന്റെ ഗൗരവം മനസ്സിലാക്കിയാണ് കേസിൽ നിന്ന് പിന്മാറിയത്. ഈ സാഹചര്യത്തിൽ വിഷയത്തെ വർഗീയമായി ഉപയോഗിക്കാൻ സാധിക്കുമോ എന്നാണ് പ്രതിപക്ഷ നേതാവ് നോക്കുന്നത്. മാവോയിസ്റ്റുകളോടുള്ള കോൺഗ്രസിന്റെ നിലപാട് ഇതുതന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.