കുറ്റ്യാടി: കേരളവുമായുള്ള ടൂറിസം ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള സാദ്ധ്യത തേടി അയർലൻഡ് സംഘം കുറ്റ്യാടിയിലെത്തി. എറണാകുളം, വയനാട് ജില്ലകളിലെ സന്ദർശനം കഴിഞ്ഞാണ് അയർലൻഡ് കൗൺസിലർമാരായ ബേബി പെരേപ്പാടൻ, ബ്രയാൻ ലോലർ എന്നിവർ കോഴിക്കോട് ജില്ലയിലേക്ക് കടന്നത്.
കുറ്റ്യാടി മലയോരങ്ങളിലെ പ്രകൃതിരമണിയമായ സ്ഥലങ്ങളും വയനാടും ഉൾപ്പെടുത്തിയുള്ള പ്രത്യേക ടൂറിസം പാക്കേജിന് ഏറെ സാദ്ധ്യതയുണ്ടെന്ന് ഇരുവരും പറഞ്ഞു. അയർലൻഡിൽ നിന്നു കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രയത്‌നിക്കുമെന്നും അവർ വ്യക്തമാക്കി. മടങ്ങുംമുമ്പ് സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്തും.
പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ കേരളത്തിൽ ടൂറിസത്തിന് അനന്തസാദ്ധ്യതയാണുള്ളത്. കുറ്റ്യാടി മലയോര മേഖലയിലെ പുഴയോരങ്ങളും മറ്റും സന്ദർശിച്ച് സംഘം ഉൾനാടുകളിലുമെത്തി. ബഹ്റിനിലെ സന്ദർശനം കഴിഞ്ഞാണ് കൗൺസിലർമാർ കേരളത്തിലെത്തിയത്.
അയർലൻഡ് പൗരത്വമുള്ള ബേബി പെരേപാടൻ അവിടത്തെ ഭരണകക്ഷിയായ ഫിനഗറിലെ അംഗമാണ്. അങ്കമാലി സ്വദേശിയാണ് ഇദ്ദേഹം. ബ്രയാൻ ലോലർ ഫിനഗർ ലീഡറാണ്.
അയർലൻഡിൽ ഇപ്പോൾ നാല്പതിനായിരത്തോളം മലയാളികളുണ്ട്. ഭാവിയിൽ കൂടുതൽ മലയാളി നഴ്‌സുമാർക്ക് അവിടെ തൊഴിലവസരം ഉറപ്പാക്കുമെന്ന് ബ്രയാൻ ലോലർ പറഞ്ഞു.
ബഹറിനിലെ വ്യവസായിയായ അശോകൻ, ചാർലി, കൊച്ചിയിൽ വിദ്യാർത്ഥിനിയായ ഹനാൻ എന്നിവരും
സംഘത്തോടൊപ്പമുണ്ടായിരുന്നു.