-p-mohanan

കോഴിക്കോട്: മോവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയതിൽ മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെയും തള്ളി പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

പൊലീസ് നൽകിയ വിവരമനുസരിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാരിന് അങ്ങനെയേ ചെയ്യാൻ പറ്റൂ.പാർട്ടി അംഗങ്ങളാണ് അലനും താഹയും. അവർക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തന്നെ തിരുത്തിയെടുക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണ്. അവർക്കെതിരെ ഒരു നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല. സംരക്ഷണം നൽകുന്നതിൽ നിന്ന് പാർട്ടി പിന്മാറിയിട്ടുമില്ല.അലനും താഹയും സി.പി.എമ്മിൽ നിന്നു കൊണ്ട് മറ്റൊരു ആശയത്തിനായി പ്രവർത്തിച്ചെങ്കിൽ അംഗീകരിക്കാനാവില്ല. അങ്ങനെയൊന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. അറസ്റ്റിലായത് മുതൽ ജയിലിൽ കഴിയുന്ന ഇവരുടെ വാദം കേൾക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. അതില്ലാതെ നടപടി എടുക്കാനുമാവില്ല.വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ചുള്ള പി.ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ആരാഞ്ഞപ്പോൾ, അത് തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മറുപടി.