ലൈഫ് പദ്ധതിയിൽ നൽകിയത്

12476 കുടുംബങ്ങൾക്ക് വീട്

കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി (ലൈഫ് )യുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും ഇന്ന് രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണം, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.


ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ ജില്ലയിലെ 12476 കുടുംബങ്ങൾക്കാണ് വീടെന്ന സ്വപ്നം സാദ്ധ്യമായത്. മാനന്തവാടി ബ്ലോക്കിൽ 2574, കൽപ്പറ്റ ബ്ലോക്കിൽ 3570, ബത്തേരി ബ്ലോക്കിൽ 1625, പനമരം ബ്ലോക്കിൽ 2279, കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ 642, മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 866, ബത്തേരി മുനിസിപ്പാലിറ്റിയിൽ 706 എന്നിങ്ങനെയാണ് ബ്ലോക്ക്,നഗരസഭാ തലത്തിൽ പൂർത്തിയാക്കിയ വീടുകളുടെ എണ്ണം.

മൂന്നാം ഘട്ടത്തിൽ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഭൂമിയും വീടുമില്ലാത്തവർക്കായി ഒരുങ്ങുന്നത്.സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തും.
ലൈഫ് മിഷൻ ഗുണഭോക്തക്കളുടെ ജില്ലാതല കുടുംബസംഗമത്തിന് മുന്നോടിയായി ബ്ലോക്ക്, നഗരസഭാതലങ്ങളിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സംഗമത്തിൽ ഗുണഭോക്താക്കൾക്കായി സൗജന്യ സേവനങ്ങളുമായി രംഗത്തെത്തി. കൃഷി വകുപ്പിന്റെ ജീവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കാരുണ്യ ഐ കെയർ ഫൗണ്ടേഷന്റെയും പ്രേജക്ട് വിഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി. വീടുകൾക്കൊപ്പം ഗുണഭോക്താക്കൾക്ക് ജീവിതോപാധികളും കണ്ടെത്തി നൽകുകയാണ് അദാലത്തിലൂടെ ലക്ഷ്യമിട്ടത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കുടുംബസംഗമങ്ങൾക്ക് സാധിച്ചു.

ചടങ്ങിൽ എം.എൽ.എ.മാരായ ഒ.ആർ.കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.