കുന്ദമംഗലം: അച്ഛനും അമ്മയും കുഞ്ഞനിയനും ഇന്നു വരുമെന്നാണ് ആറു വയസുകാരൻ മാധവ് കരുതുന്നത്. ഇനി വരാത്ത വിധം അവർ യാത്രയായത് അവനെ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൊകവൂരിലെ അമ്മവീട്ടിൽ മാധവ് സൈക്കിളോടിച്ചു കളിക്കുന്നതു കാണുന്നവരുടെ ഉള്ള് പിടയുകയാണ്. നേപ്പാളിൽ വിനോദയാത്രക്കിടെ തൊട്ടപ്പുറത്തെ മുറിയിൽ വിഷവാതകം ശ്വസിച്ച് അച്ഛനും അമ്മയും അനിയനും മരിച്ചെന്ന് അവനറിയില്ല. അടുത്തമുറിയിലെ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയതിനാലാണ് താൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും അവനറിയില്ല.
ഇന്നലെ പുലർച്ചെയാണ് മാധവിനെ അമ്മയുടെ വീടായ മൊകവൂരിൽ എത്തിച്ചത്. കുന്ദമംഗലത്തുള്ള രഞ്ജിത്തിന്റെ അച്ഛൻ മാധവൻനായരെയും അമ്മ പ്രഭാവതിയേയും ഇന്നലെ രാവിലെയാണ് മരണ വിവരം അറിയിച്ചത്. അമ്മ അപ്പോൾ മുതൽ ദുഃഖം താങ്ങാനാവാതെ അബോധാവസ്ഥയിലാണ്. ഹൃദ്രോഗിയായ പിതാവിന് മെഡിക്കൽ സഹായം ഏർപ്പെടുത്തിയിട്ടുണ്ട്.
മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കരിപ്പൂരിലെത്തും. അവിടെ നിന്ന് രഞ്ജിത്തിന്റെ ഭാര്യ ഇന്ദുവിന്റെ മൊകവൂരിലുള്ള വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോവുക. മൊകവൂരിൽ രഞ്ജിത്ത് നിർമ്മിച്ച പണിപൂർത്തിയായ വീട്ടിൽ മൃതദേഹങ്ങൾ കിടത്തും. അവിടെനിന്ന് നാല് മണിയോടെ കുന്ദമംഗലത്തേക്ക് കൊണ്ടുവരും.
കുന്ദമംഗലം അങ്ങാടിയിലെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ പൊതുദർശനത്തിനായി കിടത്തിയശേഷം അഞ്ചരമണിക്ക് പുനത്തിൽ വീട്ടിൽ മൃതദേഹങ്ങൾ എത്തിക്കും. അവിടെ വീടിനോട് ചേർന്ന് തെക്കുഭാഗത്തുള്ള പറമ്പിലാണ് സംസ്കാരം. അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മകനെ മദ്ധ്യത്തിലും ഇരുവശങ്ങളിലായി രഞ്ജിത്തിനെയും ഇന്ദുവിനെയും ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. സഞ്ചയനം ഞായറാഴ്ച നടത്തും.
പുനത്തിൽ വീട്ടിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. മന്തി എ.കെ.ശശീന്ദ്രൻ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, എംകെ രാഘവൻ എം. പി, പി. ടി. എ റഹീം എം. എൽ. എ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വീട്ടിൽ എത്തി.
മൂന്നു ദിവസമായി അടക്കിപ്പിടിച്ച നൊമ്പരവുമായി കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ അപകടമുണ്ടായത്.