മാനന്തവാടി: സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായുള്ള സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ–നേത്ര ചികിൽസാ ക്യാംപുകൾ 26ന് പനമരം ജിഎൽപി സ്‌കൂളിൽ നടക്കും. സെന്റ് ജോൺസ്
ആംബുലൻസ്, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, വേവ്സ് ഇന്ത്യ, ജ്യോതിർഗമയ എന്നിവ ചേർന്നാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്.
പാലിയേറ്റീവ് കോ–ഓർഡിേേനഷൻ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസാണ് ചികിത്സ ഒരുക്കുക.
തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കൺപോളകൾക്കുള്ള
വൈകല്യങ്ങൾ, തടിച്ച ചുണ്ടുകൾ, അണ്ണാക്കിലെ ദ്വാരം, അപകടത്തിൽ സംഭവിച്ച ന്യൂനതകൾ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങൾക്കും പരിശോധനയും തുടർന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് പൂർണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുൾപ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസിൽ ചെയ്ത് കൊടുക്കും.
ബത്തേരി കരുണ ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സൗജന്യ നേത്ര
പരിശോധന–തിമിര നിർണയ ക്യാംപ് നടത്തുന്നത്. സൗജന്യ മരുന്ന് വിതരണവും നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9645370145, 9447547980, 9656761234.