മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റും, മർച്ചന്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സെവൻസ് ഫുട്‌ബോൾ ടുർണ്ണമെന്റിന് ഇന്ന് മാനന്തവാടി ജി.വി.എച്ച്.എസ്. സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കംകുറിക്കും. ആദ്യ മത്സരത്തിൽ ഉഷ എഫ്.സി തൃശ്ശൂരും അൽ ഷബാബ് തൃപ്പനച്ചിയും തമ്മിൽ മാറ്റുരയ്ക്കും.
20 ദിവസം നീണ്ട് നിൽക്കുന്ന മത്സരത്തിൽ 20 അഖിലേന്ത്യാ ടീമുകൾ പങ്കെടുക്കും.കഴിഞ്ഞ 16 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നതാണ് ഉദയ ഫുട്‌ബോൾ. കഴിഞ്ഞ വർഷങ്ങളിൽ നിരവധി കിഡ്നി രോഗികൾ, കിടപ്പിലായ രോഗികൾ, നിർധനരായ 7 പെൺകുട്ടികളുടെ സമൂഹ വിവാഹം, നിർധനർക്ക് വീടും സ്ഥലവും നൽകൽ തുടങ്ങി ഒട്ടനവധി സഹായങ്ങൾ ഉദയ ഫുട്‌ബോളിലൂടെ നൽകാൻ കഴിഞ്ഞു.
വയനാട് ജില്ലയിലെ ലോകകപ്പ് എന്നറിയപ്പെടുന്ന ഉദയ ഫുട്‌ബോളിൽ 80ൽ പരം വിദേശതാരങ്ങളും അണിനിരക്കും.4500 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഈ വർഷം ഉന്നത വിദ്യാഭ്യാസത്തിന് 50 കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ടീം ഉദയ ആവിഷ്‌കരിക്കുന്നത്.

എല്ലാദിവസവും മത്സരങ്ങളോടൊപ്പം വൈവിധ്യമാർന്ന കലാവിരുന്നുകളും ഫുട്‌ബോൾ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്. 16 വർഷത്തിനിടയിൽ ആദ്യമായാണ് ഉദയ അഖിലേന്ത്യ ഫുട്‌ബോൾ ടൂർണ്ണമെന്റ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നത്‌.