പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനെതിരെ ബത്തേരി നഗരസഭ
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലെ പൊതുസ്ഥങ്ങളിലും ബത്തേരി പട്ടണത്തിലും തുപ്പി വൃത്തികേടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മുറുക്കാൻ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടക്കാർക്ക് ബോധവൽക്കരണ നോട്ടീസും മുന്നറിയിപ്പും നൽകി തുടങ്ങി.
പട്ടണത്തിലെ മുറുക്കാൻ കടക്കാർ മുറുക്കാൻ ഉൽപ്പന്നങ്ങൾ പാർസലായി മാത്രമെ ഇനി നൽകാൻ പാടുള്ളു. മുറുക്കാൻ നൽകുമ്പോൾ പൊതുനിരത്തിൽ തുപ്പരുതെന്ന് സാധനം വാങ്ങുന്നവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം.
കടയുടെ 50 മീറ്റർ ചുറ്റളവിൽ പരിസരം മുറുക്കി തുപ്പി വൃത്തിഹീനമാക്കിയാൽ കടയുടമയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് കടക്കാർക്ക് നൽകിയ മുന്നറിയിപ് പ്‌നോട്ടീസിൽ പറയുന്നു.
പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ പൊതുനിരത്തിൽ തുപ്പരുതെന്നുള്ള ബോർഡുകൾ നഗരസഭ ആരോഗ്യ വിഭാഗം ഉടൻസ്ഥാപിക്കും.
നോട്ടീസുകളും മുന്നറിയിപ്പുകളുമായി പട്ടണത്തിലെ കടകളിൽ പൊലീസിന്റെ സഹകരണത്തോടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. നഗരസഭ ചെയർമാൻ ടി.എൽ.സാബു, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്, ജൂനീയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സവിത എന്നിവർ നേതൃത്വം നൽകി.