മുക്കം: വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം ഓർഫനേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പഴയ അന്തേവാസികൾ ഒരിക്കൽക്കൂടി ഒത്തു ചേരുന്നു. ജനുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ ജെ ഡി ടി ഓഡിറ്റോറിയത്തിലാണ് ഒത്തുചേരൽ നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹസ്സൻ ഹാജി, അസ്സ്‌ലം അനുസ്മരണവും നടത്തും. ജെ ഡി ടി പ്രസിഡൻറ് സി പി കുഞ്ഞുമുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്യും.ഹസ്സൻ ഹാജി സ്മാരക എൻഡോവ്മെൻറ് വിതരണം സംസ്ഥാന മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൽ ഗഫൂർ നിർവഹിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കലും മുൻ അന്തേവാസികളുടെ മക്കളിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടത്തും.
മലബാർ കലാപവും മറ്റു ചില സാഹചര്യവും മൂലം അനാഥരും അശരണരുമായി തീർന്ന നിരവധി കുഞ്ഞുങ്ങൾക്ക് അഭയവും വിദ്യാഭ്യാസവും നൽകുന്നതിനാണ് പഞ്ചാബിലെ ഖസൂരി സഹോദരങ്ങൾ 1922ൽ ജെ ഡി ടി ഇസ്ലാം ഓർഫനേജ് സ്ഥാപിച്ചതെന്ന് സംഘാടകർ പറഞ്ഞു. പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഏഴ് അനാഥ കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകും. മൂന്ന് കുടുംബങ്ങൾക്കുള്ള വീടു നിർമാണം പുരോഗമിക്കുകയാണ്. അന്തേവാസികൾക്ക് ഉന്നതപഠനത്തിന് സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. നിർധന വൃക്ക രോഗികൾക്ക് ഡയാലിസിസിനുള്ള സാമ്പത്തിക സഹായ പദ്ധതി ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പാക്കി വരുന്നതായും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് വി.വീരാൻകുട്ടി, സെക്രട്ടറി കെ പി അബ്ദുസമദ് , അബ്ദുസ്സലാം നെല്ലിക്കാപറമ്പ്, ഷംസുദ്ദീൻ കറുത്തപറമ്പ് , പി കെ ബഷീർ പന്നിക്കോട് എന്നിവർ പങ്കെടുത്തു.