ബാലുശ്ശേരി: ഇന്ത്യ സി.എ.എയ്ക്കൊപ്പം എന്ന പരിപാടിക്കിടെ കഴിഞ്ഞ ദിവസം കടയടയ്ക്കുകയും വാഹനങ്ങൾ ഓട്ടം നിറുത്തിവെക്കുകയും ചെയ്തിരുന്നു. ഇവർക്ക് ശക്തമായ താക്കീത് നല്കുന്ന തരത്തിലായിരുന്നു നന്മണ്ടയിൽ നടന്ന ജനജാഗരണ സമ്മേളന പരമ്പര. നന്മണ്ട തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച ശക്തി പ്രകടനത്തോടെയാണ് മൂന്നുനാൾ നീണ്ടു നില്ക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായത്.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയെ തുടർന്ന് ചുരുക്കം കടകളൊഴികെ ബാക്കിയെല്ലാം അടച്ചിരുന്നു. സംഭവത്തിനു ശേഷം സി.എ.എ അനുകൂലിക്കുന്നവർ കപ്പ, പച്ചക്കറി, മത്സ്യം തുടങ്ങിയ കച്ചവടം നന്മണ്ടയിൽ ആരംഭിച്ചു. കടയടപ്പിൽ ശക്തമായി പ്രതിഷേധിക്കാനാണ് ജനജാഗരണ സമിതി മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ആർ.എസ്.എസ്. പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ഉത്തര മേഖലാ പ്രസിഡന്റ് വി.വി.രാജൻ, പി.ബാബുരാജ്, വി.സുനീഷ് എന്നിവർ സംസാരിച്ചു. ഇന്നും വൈകീട്ട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലെ തുറന്ന വേദിയിലാണ് പരിപാടി.