കൽപ്പറ്റ: ഗവ. കരാറുകാരോട് സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ആൾ കേരള ഗവ. കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ സമരത്തിനൊരുങ്ങുന്നു. ആദ്യപടിയായി ഫെബ്രുവരി അഞ്ചിന് പ്രവർത്തികൾ നിർത്തിവെച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ കരാറുകാരുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. ട്രഷറി നിയന്ത്രണം പിൻവലിക്കുക, നിലവിലെ ലൈസൻസ് കാലാവധി അഞ്ച് വർഷമാക്കുക, കരാറുകാരുടേതല്ലാത്ത കാരണത്തിൽ ചുമത്തുന്ന പിഴ ഒഴിവാക്കുക, ടാറിന്റെ അധികരിച്ച വില കരാറുകാർക്ക് അനുവദിക്കുക, ഒരു കോടി രൂപ വരെയുള്ള പ്രവർത്തികൾക്കുള്ള ടാർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരത്തിനിറങ്ങുന്നത്.
ട്രഷറി നിയന്ത്രണം മൂലം കരാർ പ്രവർത്തികളുടെ ഒരു ബില്ലുപോലും മാറ്റി നൽകാത്തത് കരാറുകാരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുക്കുകയാണെന്ന് അവർ പറഞ്ഞു. എസ്റ്റിമേറ്റ് നിരക്കിൽ പറയുന്നതിനേക്കാൾ 2450 രൂപയോളമാണ് ഒരു ബാരലിന് നിലവിൽ കരാറുകാരൻ അധികമായി ടാറിന് നൽകുന്നത്. ഒരു ലക്ഷം രൂപയുടെ ടാറിംഗ് പ്രവർത്തിക്ക് 21400 രൂപ കരാറുകാരന്റെ കൈയിൽ നിന്ന് പോകുന്ന അവസ്ഥയാണ്. ഈ നഷ്ടം സർക്കാർ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി പി.കെ അയ്യൂബ്, ട്രഷറർ എം അനിൽകുമാർ, സംസ്ഥാന സമിതിയംഗം സജി മാത്യു എന്നിവർ പറഞ്ഞു.