കൽപ്പറ്റ: ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 12476 വീടുകൾ പൂർത്തികരിക്കാൻ സാധിച്ചത് മികച്ച നേട്ടമാണെന്നും ഈ ചുവടുവെപ്പ് വയനാടിന്റെ ചരിത്രം മാറ്റിയെഴുതിയെന്നും ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സമ്പൂർണ്ണ പാർപ്പിട പദ്ധതി (ലൈഫ്) ജില്ലാതല പൂർത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും കൽപ്പറ്റ ചന്ദ്രഗിരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭവനരഹിതരായ 2 ലക്ഷം കുടുംബങ്ങൾക്കാണ് ഈ പദ്ധതി തണലൊരുക്കിയത്. 4800 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടത്തിൽ സർക്കാർ ചെലവിട്ടത്.
മൂന്നാം ഘട്ടത്തിൽ 1.07 ലക്ഷം പേർക്ക് വീടൊരുക്കും. ഭവനസമുച്ചയങ്ങളാണ് ഇവർക്കായി നിർമ്മിക്കുക. വലിയൊരു വെല്ലുവിളിയാണ് മുന്നിലുളളത്. അനുഭവങ്ങളുടെ കരുത്തിൽ ഇതും അതിജീവിക്കും.
വിവിധ സർക്കാർ ഭവന പദ്ധതികൾ പ്രകാരം ഭവന നിർമ്മാണത്തിന് ധനസഹായം ലഭ്യമാക്കിയിട്ടും പല കാരണത്താൽ സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കാത്ത 56256 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടായിരുന്നു.
ജില്ലയിൽ ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും മുഴുവൻ വീടുകൾ പൂർത്തീകരിച്ച പനമരം ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച പൂതാടി ഗ്രാമ പഞ്ചായത്തിനും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി.
സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈഫ് മിഷൻ കോ ഓർഡിനേറ്റർ കെ.സിബി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ,ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു തുടങ്ങിയവർ സംസാരിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫോട്ടോ പ്രദർശനവും ജില്ലാ സംഗമത്തിൽ ഒരുക്കിയിരുന്നു.