കൽപ്പറ്റ: വയനാട് ജില്ലയിൽ അർഹതപ്പെട്ട 8803 കുടുംബങ്ങളിൽ 8240 പേർക്ക് ഒന്നാം ഘട്ടത്തിലൂടെ വീടുകൾ ലഭ്യമായി. ഇവയിൽ 1984 പേർ ജനറൽ വിഭാഗത്തിലും 457 പേർ പട്ടികജാതി വിഭാഗത്തിലും 6362 പേർ പട്ടിക വർഗ്ഗക്കാരുമായിരുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ് (2908), നഗരസഭ (431), ന്യൂനപക്ഷ ക്ഷേമ വകുപ്പ് (10), പട്ടികജാതി വികസന വകുപ്പ് (80), ഗ്രാമപഞ്ചായത്ത് (2094), ബ്ലോക്ക് (2685), ജില്ല (33) എന്നിങ്ങനെയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്.
ഭൂമിയുളള ഭവനരഹിതർക്ക് ഭവനനിർമ്മാണത്തിന് ധനസഹായം നൽകുന്നതായിരുന്നു ലൈഫ് മിഷൻ രണ്ടാം ഘട്ട പ്രവർത്തനം. സംസ്ഥാനതലത്തിൽ മാനദണ്ഡങ്ങളനുസരിച്ച് 97704 പേരെയാണ് ഈ ഘട്ടത്തിൽ അർഹരായി കണ്ടെത്തിയത്. ഇതിൽ 89505 പേരുമായി കരാർ ഒപ്പിട്ടു. ഇതുവരെ 51890 വീടുകൾ പൂർത്തീകരിച്ചു. 2732.6 കോടിയാണ് ഇതിനായി ചെലവിട്ടത്. വയനാട് ജില്ലയിൽ 3911 പേരുമായി കരാർ ഒപ്പിട്ടതിൽ 2192 വീടുകൾ പൂർത്തീകരിച്ചു. 56.04 ശതമാനമാണ് നിർവ്വഹണ പരോഗതി. കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ പദ്ധതിയിൽ 26546 വീടുകൾ നിർമ്മിച്ചു. ആകെ ചെലവായ 2005.84 കോടി രൂപയിൽ 1140 കോടി രൂപയും ചെലവിട്ടത് സംസ്ഥാന സർക്കാറാണ്.

ജില്ലയിൽ 12476 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ വീട് നിർമ്മിച്ചത്. മാനന്തവാടി ബ്ലോക്കിൽ 2574, കൽപ്പറ്റ ബ്ലോക്കിൽ 3570, ബത്തേരി ബ്ലോക്കിൽ 1625, പനമരം ബ്ലോക്കിൽ 2279, കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ 642, മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 866, ബത്തേരി മുനിസിപ്പാലിറ്റിയിൽ 706 എന്നിങ്ങനെയാണ് ബ്ലോക്ക്, നഗരസഭാ തലത്തിൽ പൂർത്തിയാക്കിയ വീടുകളുടെ എണ്ണം. ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തും. ഇതിനു മന്നോടിയായാണ് ജില്ലയിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തിയത്.