വാകേരി: പൊതുവിതരണമേഖലയിലെ അഴിമതി തടയുന്നതിനും പൊതുജനങ്ങൾക്ക് സുതാര്യമായ സേവനം ഉറപ്പ് വരുത്തുന്നതിനുമുളള നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമൻ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ വാകേരിയിൽ പുതിയതായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് കൃത്യമായ റേഷൻ വിഹിതം ഉറപ്പാക്കുന്നതിനായി റേഷൻ കടകളിലെ ഇപോസ് മെഷീനുകൾ ത്രാസുമായി ബന്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് നൽകേണ്ട വിഹിതം കൃത്യമായി ത്രാസിൽ രേഖപ്പെടുത്തിയാൽ മാത്രമേ ബില്ല് പ്രിന്റ് ചെയ്ത് വരുകയുള്ളു. അതോടൊപ്പം റേഷൻ സാധനങ്ങൾ കടകളിലെത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുകയും പ്രത്യേക കളർ കോഡുകൾ വാഹനത്തിന് നൽകുകയും ചെയ്യും. ഗോഡൗണുകളിൽ സി.സി.ടി.വി ക്യാമറ ഘടിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.റേഷൻ ഔദാര്യമല്ല മറിച്ച് അവകാശമാണെന്നും എല്ലാവരും റേഷൻ കടകൾ ഉപയോഗപ്പെടുത്തി മിച്ച റേഷൻ ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1600 വിൽപ്പനശാലകൾ സൃഷ്ടിച്ചതിലൂടെ ഏഷ്യയിലെ ഏറ്റവും വലിയ വിൽപ്പന ശൃംഖലയായി സപ്ലൈകോ മാറിയെന്ന് മന്ത്രി പറഞ്ഞു. 170 കേന്ദ്രങ്ങളിൽ ഗൃഹോപകരണ സാമഗ്രികൾ വിൽപ്പന നടത്തുന്നുണ്ട്. കെട്ടിട നിർമ്മാണ വസ്തുക്കൾ ഉൾപ്പെടെ എല്ലാ ഉപഭോക്തൃ ഉത്പന്നങ്ങളും സപ്ലൈകോ വഴി വിൽപ്പന നടത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ് കുമാർ, ലത ശശി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം. വിജയലക്ഷ്മി, സപ്ലൈകോ കോഴിക്കോട് റീജിയണൽ മാനേജർ എൻ. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ഒ.ആർ രഘു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സപ്ലൈകോ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു.
കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ കാവുംമന്ദത്ത് വിപുലീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോർ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിച്ചിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് കൂടുതൽ സൗകര്യങ്ങളോടെ സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി എന്നിവർ സംസാരിച്ചു.