മാർച്ച് 31ന് മുമ്പ് നികുതി അടയ്ക്കണം

നഗരത്തിൽ അവസാന നികുതി പരിഷ്ക്കരണം 1994ൽ

ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

കോഴിക്കോട്: കുടിശ്ശിക ഉൾപ്പെടെ മുഴുവൻ കെട്ടിട നികുതിയും പരിച്ചെടുക്കാനുറച്ച് കോർപ്പറേഷൻ മുന്നോട്ട്. അതേസമയം 2000 ചതുരശ്ര അടി വരെയുള്ള പാർപ്പിട കെട്ടിടങ്ങൾക്ക് നികുതി വർദ്ധനവുണ്ടാകില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമായി. 660 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് നികുതി അടയ്ക്കേണ്ടതില്ല.

പാർപ്പിട കെട്ടിടങ്ങളെ നികുതി വർദ്ധനവ് കാര്യമായി ബാധിക്കില്ല. ഇതിന്റെ ഭാഗമായി 75 വാർഡുകളിലും കെട്ടിടങ്ങളുടെ വിവരശേഖരണവും നമ്പറുകൾ അനുവദിക്കുന്നതും അവസാനഘട്ടത്തിലാണ്.

കുടിശ്ശിക പലിശയില്ലാതെ അഞ്ച് ഗഡുക്കളായി അടക്കാമെങ്കിലും സാമ്പത്തിക വർഷാവസാനമടുത്തതിനാൽ മാർച്ച് 31ന് മുമ്പായി മുഴുവൻ ഗഡുവും നൽകേണ്ടി വരും. നിലവിലുള്ളതിന്റെ 25 ശതമാനമാണ് വീടുകളുടെ നികുതി കൂടുക. വാണിജ്യ കെട്ടിടങ്ങൾക്ക് 100 ശതമാനം നികുതി കൂടും. 2016 ഏപ്രിൽ ഒന്നിന് മുമ്പ് നിർമ്മിച്ച 2000 സ്‌ക്വയർ ഫീറ്റിന് താഴെയുള്ള കെട്ടിടങ്ങൾക്കാണ് നികുതി വർധന ബാധകമല്ലാത്തത്.
പാർപ്പിടങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് കോർപ്പറേഷൻ കെട്ടിട നികുതി പരിഷ്‌കരിച്ചത്. ഏറ്റവും കുറവ് നികുതി പാർപ്പിട കെട്ടിടങ്ങൾക്കാണ്. കൂടുതൽ മൊബൈൽ ടവറുകൾക്കും വൻ മാളുകൾക്കുമാണ്. ഓരോയിനത്തിനു വ്യക്തമായി നിരക്കുകൾ പ്രഖ്യാപിച്ചതിനാൽ അപ്പീൽ അടക്കമുള്ള തുടർ നടപടികൾകുള്ള അവസരം ഉണ്ടാവില്ല.

" നികുതി വ‌ർദ്ധവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വലിയ തോതിൽ തെറ്റിദ്ധാരണകൾ ഉണ്ട്. ഭൂരിപക്ഷം വീടുകൾക്കും നികുതി വർദ്ധവ് ഉണ്ടാകില്ല. നികുതി വർദ്ധിപ്പിക്കാതെ കോർപ്പറേഷന് മുന്നോട്ട് പോകാനാകില്ല"................................ തോട്ടത്തിൽ രവീന്ദ്രൻ ( മേയർ)

വർദ്ധിപ്പിച്ച നികുതി നിരക്ക്:
(ചതുരശ്ര മീറ്ററിന്)

പാർപ്പിട കെട്ടിടം - 14 രൂപ
വാണിജ്യ കെട്ടിടങ്ങൾ ( 100 ച. മീറ്റർ വരെ) - 90 രൂപ
വാണിജ്യ കെട്ടിടങ്ങൾ ( 100 ച. മീറ്ററിന് മുകളിൽ ) - 105 രൂപ
സൂപ്പർ മാർക്കറ്റുകൾ, മാളുകൾ ( 200 ച.മീറ്റർ വരെ) - 90 രൂപ
സൂപ്പർ മാർക്കറ്റുകൾ, മാളുകൾ ( 200 ച.മീറ്ററിന് മുകളിൽ) -150 രൂപ
ബാങ്കുകൾ, പെട്ടിക്കടകൾ - 90 രൂപ
ഓഫീസുകൾ - 75 രൂപ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ - 16 രൂപ
ആശുപത്രികൾ - 20 രൂപ
ഓഡിറ്റോറിയം, കൗൺസലിംഗ് സെന്റർ- 60 രൂപ
വ്യവസായ സ്ഥാപനങ്ങൾ - 40 രൂപ
റിസോർട്ടുകൾ - 90 രൂപ
അമ്യൂസ്‌മെന്റ് പാർക്ക് - 60 രൂപ
മൊബൈൽ ടവർ - 500 രൂപ
മറ്റുള്ളവ - 90 രൂപ