kunnamangalam-news
കുന്ദമംഗലം പുനത്തിൽ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും കത്തിയമർന്ന ചിതക്കരികിൽ നിൽക്കുന്ന വിനോദയാത്രാസംഘത്തിലെ സുഹൃത്തുക്കൾ

കുന്ദമംഗലം:നേപ്പാൾ ദുരന്തത്തിൽ മരണമടഞ്ഞ രഞ്ജിത്തിന്റെ പുനത്തിൽ വീട്ടിലേക്ക് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് അഞ്ചു പേരെത്തി. രഞ്ജിത്തിനും കുടുംബത്തിനുമൊപ്പം നേപ്പാളിലേക്കുള്ള പോയ രാംകുമാറും ജയകൃഷ്ണനും. പിന്നെ, വിനോദയാത്രയിൽ പങ്കെടുക്കാൻ കഴിയാതെ പോയ പ്രതാപ്കുമാർ,ആനന്ദ്, രാജേഷ് എന്നിവരും. രഞ്ജിത്തിന്റെ അമ്മയേയും അച്ഛനേയും കാണാനാണ് ഇവരെത്തിയത്.

എല്ലാവരും തിരുവന്തപുരം പാപ്പനം കോട് എൻജിനിയറിംഗ് കോളേജിൽ 2000-2004 ബാച്ചിൽ ഒന്നിച്ച് പഠിച്ചവരാണ്. ആ സുഹൃദ്ബന്ധം ഇടയ്ക്കൊക്കെ ഒരുമിച്ചുകൂടി നില നിറുത്തി വരികയായിരുന്നു. വിനോദയാത്രയിൽ ഒന്നിച്ചായിരുന്നു എന്ന് പറഞ്ഞപ്പോൾ രഞ്ജിത്തിന്റെ അച്ഛൻ മാധവൻ നായർക്ക് കരച്ചിലടക്കുവാൻ കഴിഞ്ഞില്ല.

രഞ്ജിത്തിന്റെ മറ്റ് ബന്ധുക്കളുമായി ഏറെ നേരം സംസാരിച്ചതിന് ശേഷം വീടിന്റെ തെക്ക് ഭാഗത്ത് രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും കത്തിമർന്ന ചിതയ്ക്കരികിൽ അവർ വിതുമ്പലോടെ ഇമകളടച്ച് ഏറെ നേരം നിന്നു.പിന്നീട് കണ്ണുകൾ തുടച്ച് സുഹൃത്തിന്റെ വീട്ടുകാരോട് യാത്രപറഞ്ഞു.