കോഴിക്കോട്: കേരളത്തിന്റെ സസ്യസമ്പത്ത് ലോകത്തിന് പരിചയപ്പെടുത്തിയ ഹോർത്തൂസ് മലബാറിക്കൂസ് ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച കെ.എസ്. മണിലാലിന് പദ്മശ്രീ വൈകിവന്ന അംഗീകാരമായി.
അഞ്ചു പതിറ്റാണ്ട് നീണ്ടുനിന്ന പ്രയത്നത്തിന്റെ ഫലമായി 'ഹോർത്തൂസ് മലബാറിക്കൂസ്' ലാറ്റിനിൽനിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും മൊഴിമാറ്റിയ അദ്ദേഹം വേണ്ടത്ര ആദരിക്കപ്പെട്ടിട്ടില്ല.
1678-1693 കാലത്ത് ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്ന് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂർവ്വ ഗ്രന്ഥമാണ്. കൊച്ചിയിൽ ഡച്ച് ഗവർണറായിരുന്ന ഹെൻഡ്രിക് ആഡ്രിയാൻ വാൻ റീഡ് ആണ് നാട്ടുവൈദ്യൻ ചേർത്തലയിലെ ഇട്ടി അച്യുതന്റെ സഹായത്തോടെ ഹോർത്തൂസ് തയ്യാറാക്കിയത്. മലയാള ലിപികൾ കാലിക്കട്ട് സർവകാശാലയിൽ ബോട്ടണി അദ്ധ്യാപകനായിരുന്ന ഡോ.മണിലാൽ 50 വർഷത്തെ ശ്രമം കൊണ്ടാണ് വിവർത്തനം നിർവഹിച്ചത്.
ഇതിനായി 10 വർഷംകൊണ്ട് മണിലാൽ ലാറ്റിൻ പഠിച്ചു. മലബാറിൽ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിൻ ഭാഷയിലെ ഹോർത്തൂസ് മലബാറിക്കൂസിലുള്ളത്. ഒന്നൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും തേടിപ്പിടിച്ച് അദ്ദേഹം ഹെർബേറിയം തയ്യാറാക്കി. വ്യാഖ്യാന സഹിതമുള്ള ഹോർത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും കേരള സർവകലാശാല പ്രസിദ്ധീകരിച്ചു.
2012-ൽ ഡച്ച് സർക്കാർ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച്-നാസ്സൗ' നൽകി ഡോ.മണിലാലിനെ ആദരിച്ചു. 1999 മാര്‍ച്ച് 31 ന് കാലിക്കട്ട് സർവകലാശാലയിൽനിന്ന് സീനിയർ പ്രൊഫസാറായാണ് മണിലാൽ വിരമിച്ചത്. ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് കോഴിക്കോട് ജവഹർ നഗറിലെ കാട്ടുങ്ങൽവീട്ടിൽ കഴിയുകയാണ് അദ്ദേഹം.
അഭിഭാഷകനായിരുന്ന കാട്ടുങ്ങൽ എ. സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മകനായി 1938 സപ്തംബർ 17ന് പറവൂർ വടക്കേക്കരയിലാണ് ജനനം. ജ്യോത്സനയാണ് ഭാര്യ.