കോഴിക്കോട്: കെ.പി.സി.സി പുന:സംഘടനയെച്ചൊല്ലി പരസ്യപ്രസ്താവന അനുവദിക്കില്ലെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ താക്കീത് അവഗണിച്ച് കെ.മുരളീധരൻ എം.പി വീണ്ടും. തന്നോടു കാട്ടുന്ന ഈ ശൗര്യം പിണറായിയോടോ മോദിയോടോ ആണ് കാട്ടേണ്ടതെന്നും, നേരത്തേ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ബൂത്ത് ഭാരവാഹിയാവാൻ പോലും യോഗ്യതയില്ലാത്തവർ സംസ്ഥാന ഭാരവാഹിയായിട്ടുണ്ട്. ഒരുപാട് ജനറൽ സെക്രട്ടറിമാരുടെ ആവശ്യമില്ല. ഇത്ര വലിയ പട്ടികയായിട്ടും യുവാക്കൾക്കോ സ്ത്രീകൾക്കോ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണമെന്നാണ് കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ ഒന്നും കാണാനായില്ല.
എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തത് നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ട്. പൗരത്വ നിമയ ഭേദഗതിക്കെതിരെ യു.ഡി.എഫ് സമരം ശക്തമാക്കണം. ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിച്ചിട്ടുണ്ട്. പൗരത്വ നിമയ ഭേദഗതിയിൽ ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
മുൻ കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തിൽ തന്നെ ക്ഷണിക്കാമായിരുന്നു. അത് തീരുമാനിക്കുന്നത് ഇപ്പോഴത്തെ പ്രസിഡന്റാണല്ലോ - മുരളീധരൻ പറഞ്ഞു.