മീനങ്ങാടി: നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഒരു ചരിത്രമുഹൂർത്തത്തിന് കൂടി ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 5 കോടി രൂപയും ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ലഭിച്ച 80 ലക്ഷം രൂപയും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന വിദ്യാലയത്തിനായി നിർമ്മിച്ച മൂന്ന് നിലകളുള്ള പുതിയ കെട്ടിടസമുച്ചയം ഫെബ്രുവരി ഒന്നിന് രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും, രാഹുൽ ഗാന്ധി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, സി.കെ.ശശീന്ദ്രൻ എം.എൽ.എ, ഒ.ആർ.കേളു എം.എൽ.എ., ജില്ലാ കളക്ടർ അദീല അബ്ദുല്ല, കൈറ്റ് സി.ഇ.ഒ. അർവർ സാദത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവർ ചടങ്ങിൽ സംബന്ധിക്കും. സ്‌കൂളിന്റെ 69-ാം വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും അന്ന് നടക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാവിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ഓമന, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അസൈനാർ, പ്രിൻസിപ്പൽ പി.എ.അബ്ദുൾ നാസർ, വൈസ് പ്രിൻസിപ്പൽ കെ.എം.നാരായണൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജനറൽ കൺവീനറായി പ്രിൻസിപ്പൽ പി.എ.അബ്ദുൾനാസർ എന്നിവരെ തിരഞ്ഞെടുത്തു.