നാദാപുരം: അദ്ധ്യാപക യോഗ്യതയായ കെ.ടെറ്റിന്റെ കടമ്പയിൽ തട്ടി പി.എസ്.സി. പരീക്ഷ എഴുതാനാകാതെ ഉദ്യോഗാർത്ഥികൾ. ടി.ടി.സിയും ബി.എഡും യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് എൽ.പി, യു.പി. സ്‌കൂൾ അദ്ധ്യാപകരുടെ പരീക്ഷ എഴുതാനാകാതെ പെരുവഴിയിലാവുന്നത്. മുമ്പ് എൽ.പി, യു.പി. സ്‌കൂൾ അദ്ധ്യാപകരുടെ പരീക്ഷ എഴുതാനുള്ള നിശ്ചിത യോഗ്യത ടി.ടി.സിയോ ബി.എഡോ ആയിരുന്നു. എന്നാൽ ഇപ്പോൾ ടി.ടി.സിയോ ബി.എഡോ ഉണ്ടായാലും കെ.ടെറ്റ് ഇല്ലെങ്കിൽ അപേക്ഷിക്കാൻ കഴിയില്ലെന്ന പി.എസ്.സി.യുടെ നിബന്ധനയാണ് ഉദ്യോഗാർത്ഥികൾക്ക് വിലങ്ങു തടിയായത്.
കെ.ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർക്ക് 2021 വരെ കെ.ടെറ്റ് യോഗ്യത നേടാനുള്ള കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പി.എസ്.സി.പരീക്ഷ എഴുതി അദ്ധ്യാപക നിയമനം ലഭിച്ചവർക്കും കെ.ടെറ്റ് എഴുതിയെടുക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പുതുതായി വിളിച്ച പി.എസ്.സി. പരീക്ഷക്ക് അപേക്ഷിക്കാൻ കെ.ടെറ്റ് നിർബന്ധമാക്കിയതോടെ അദ്ധ്യാപക യോഗ്യതയുള്ള ഭൂരിഭാഗം പേർക്കും അവസരം നഷ്ടമാകും. കെ.ടെറ്റ് പരീക്ഷയിൽ 75 മാർക്ക് ലഭിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇപ്പോൾ വിളിച്ച പി.എസ്.സി. അദ്ധ്യാപക പരീക്ഷ എഴുതാൻ അവസരം ഉണ്ടാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.ഇന്റർവ്യൂ സമയത്ത് കെ.ടെറ്റ് പാസാകണമെന്ന് നിർബന്ധമാക്കിയാൽ നിരവധി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അവസരമുണ്ടാവുമെന്നാമാണ് ചൂണ്ടിക്കാട്ടുന്നത്.