മാനന്തവാടി: തൃശ്ശിലേരി വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥികളായ കൈതവള്ളിക്കുന്ന് കോളനിയിലെ കെ. എം. ദേവൻ, സന്ധ്യ രാജു, കുനിയിൽകുന്ന് കോളനിയിലെ എം. മുത്തുമണി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ ബി.എ. സോഷ്യോളജിക്ക് രജിസ്റ്റർ ചെയ്ത് നളന്ദ കോളേജിൽ പഠിക്കുന്ന വിദ്യാർഥികളാണിവർ. യൂണിവേഴ്സിറ്റിയിൽ നൽകാനായി നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് കഴിഞ്ഞ ഒക്ടോബർ 28ന് തൃശ്ശിലേരി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എസ്.എസ്.എൽ.സി. ബുക്ക്, റേഷൻകാർഡ്, ആധാർ കാർഡ് തുടങ്ങിയവയെല്ലാം നൽകിയിട്ടും ജനനസർട്ടിഫിക്കറ്റ് വേണമെന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നും മാസങ്ങൾ കഴിഞ്ഞിട്ടും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മാനന്തവാടി താഹസിൽദാർ ഇടപെട്ടതിനെ തുടർന്ന് ഈ മാസം 22ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചു. യൂണിവേഴ്സിറ്റിയിൽ ഡിസംബർ 30ന് പരീക്ഷാ ഫീസിനൊപ്പം സർട്ടിഫിക്കറ്റ് നൽകണമായിരുന്നു. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാത്തത് കാരണം ഈ വർഷം പരീക്ഷയെഴുതാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്.
പരീക്ഷ എഴുതാനായി സർക്കാരിന്റെ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഇവർ പറഞ്ഞു.
വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതി നൽകുമെന്നും ഇവർ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തൃശ്ശിലേരി വില്ലേജ് ഓഫീസർ ജോബി ജെയിംസ് പറഞ്ഞു. വിദ്യാർഥികൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെത്തിയ ദിവസം തന്നെ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഈ മാസം 21ന് ദേവനും 22ന് സന്ധ്യ രാജുവിനും, മുത്തുമണിക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകി. മറ്റ് ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.