കോഴിക്കോട്: ടൂറിസ്റ്റ് ഹോമിന്റെ റിസപ്ഷനിൽ നിന്ന് പണം കവർന്ന പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പൊന്നാനി പുത്തൻപുരയിൽ സക്കീറിനെയാണ് (28) ടൗൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയത്. ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ അയോധ്യ ടൂറിസ്റ്റ് ഹോമിന്റെ റിസപ്ഷനിൽ സൂക്ഷിച്ച 9600 രൂപ കവരുകയായിരുന്നു. പ്രതിയുടെ ദൃശ്യം ടൂറിസ്റ്റ് ഹോമിലെ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഇതിനിടെ മൊബൈൽ മോഷണ കേസിൽ പ്രതി കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായി. തുടർന്നാണ് ടൗൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.