സുൽത്താൻ ബത്തേരി : പുത്തൻവീട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മീയ സംഘടനയായ നഖ്ശബന്ദിയ്യ ത്വരിഖത്ത് പുത്തൻകുന്ന് ശാഖയുടെ നേതൃത്വത്തിൽ ഫെബ്രുവരി രണ്ടിന് സമൂഹ വിവാഹവും വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
147 വധുവരന്മാരുടെ വിവാഹമാണ് പുത്തൻകുന്നിൽ വെച്ച് നടക്കുക.സമൂഹ വിവാഹത്തോടനുബന്ധിച്ച് കാലത്ത് 9.30-ന് വിദ്യാഭ്യാസ സാംസ്‌ക്കാരിക നിലയത്തിന്റെ ഉദ്ഘാടനം നടത്തും.
1988-ൽ പുത്തൻകുന്നിൽവെച്ച് 12 വധൂവരൻമാരുടെ സമൂഹ വിവാഹം നടത്തിയായിരുന്നു ഇവിടെ തുടക്കമിട്ടത്. കിഴക്കോത്ത്, കാന്തപുരം, കീഴിശേരി ,കാക്കഞ്ചേരി, മാറാക്കര, നീറാട് എന്നി പ്രദേശങ്ങളിലായി 880 ആളുകൾ ഇതിന് മുമ്പ് സമൂഹ വിവാഹങ്ങളിലൂടെ വിവാഹിതരായിട്ടുണ്ട്. ഒന്നാം സമൂഹ വിവാഹത്തിലെ വധൂവരൻമാരുടെ രണ്ട് മക്കൾ അടക്കം വിവിധ സമൂഹ വിവാഹങ്ങളിലൂടെ മംഗല്യഭാഗ്യം ലഭിച്ചവരുടെ 16 സന്താനങ്ങളും പുത്തൻകുന്ന് നടക്കുന്ന സമൂഹ വിവാഹത്തിൽ വധുവരൻമാരായി എത്തുന്നുണ്ട്. വധൂവരൻമാർ അണിയുന്ന മംഗല്യ വസ്ത്രങ്ങൾ മുൻ സമൂഹവിവാഹങ്ങളിലെ വധൂവരൻമാരുടെ ഉപഹാരമാണ്.
വാർത്താസമ്മേളനത്തിൽ പുത്തൻകുന്ന് ശാഖ പ്രസിഡന്റ് പി.എ.അലവി, സെക്രട്ടറി സി.എ.നാസർ, എൻ.കെ.കാദർ, നാസർ ചേലക്കോത്ത്,അഡ്വ.സി.എ.റഫീഖ് എന്നിവർ പങ്കെടുത്തു.