കോഴിക്കോട്: മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് മുമ്പിൽ കീഴടങ്ങില്ലെന്ന മുദ്രാവാക്യം ഉയർത്തി എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ ഏഴര ലക്ഷം പേർ പങ്കെടുത്തു. ജില്ലയിൽ പൂഴിത്തല മുതൽ ഐക്കരപ്പടി വരെ 83 കിലോമീറ്റർ നീളത്തിലാണ് മനുഷ്യമഹാശൃംഖല തീർത്തത്.
മത സാമുദായിക നേതാക്കൾ ,സിനിമാ താരങ്ങൾ, എഴുത്തുകാർ, നാടക പ്രവർത്തകർ എന്നിവരെല്ലാം പങ്കെടുത്തു. പങ്കെടുക്കുന്നവർ 3.30 ന് തന്നെ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് അണിചേർന്നു. കൃത്യം നാലു മണിക്ക് മനുഷ്യമഹാശൃംഖല തീർത്തു. നാലു മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗവും ചേർന്നു.
കോഴിക്കോട് നഗരത്തിൽ മുതലക്കുളത്ത് പ്രസ് ക്ലബ് പരിസരത്താണ് പൊതുയോഗം നടന്നത്. പ്രധാനപ്പെട്ട നേതാക്കളും മത-സാമുദായിക നേതാക്കളും കലാകാരൻമാരുമെല്ലാം ഇവിടെയാണ് പ്രതിജ്ഞയെടുത്തത്. മന്ത്രി ടി.പി രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി എ.കെ. ശശീന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിച്ചു. യോജിപ്പിന്റെ ശൃംഖലയാണിതെന്ന് ചടങ്ങിൽ സംസാരിച്ച ചരിത്രകാരൻ എം.ജി.എസ് നാരായണൻ പറഞ്ഞു. ഐക്യമില്ലെങ്കിൽ ഒരു പോരാട്ടവും വിജയിക്കില്ല. ജനങ്ങളുടെ ഈ ഐക്യം പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി ,ഇ.കെ. വിജയൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻമൊകേരി, സംസ്ഥാന എക്‌സി. അംഗം അഡ്വ. പി. വസന്തം, ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുക്കം മുഹമ്മദ്, നടൻ ജോയ് മാത്യു, പി. വത്സല, എം.എൻ. കാരശ്ശേരി, പി.കെ. പാറക്കടവ്, ഖദീജ മുംതാസ്, കെ.പി. രാമനുണ്ണി, കെ. അജിത, സാവിത്രി ശ്രീധരൻ, വി.പി. സുഹറ, ദീദി ദാമോദരൻ, എ.പി. കുഞ്ഞാമു, ഡോ.ഫസൽ ഗഫൂർ, ടി.പി. അബ്ദുള്ളക്കോയ മദനി, സി.പി. കുഞ്ഞഹമ്മദ്, ഫാ. മാത്യൂസ് വാഴക്കുന്ന്, ഫാ. തോമസ് പനക്കൽ, ചെലവൂർ വേണു, പി.എ. മുഹമ്മദ് റിയാസ്, ടി.പി. ദാസൻ, മനയത്ത് ചന്ദ്രൻ, പി. കിഷൻചന്ദ്, കെ. ലോഹ്യ, അഡ്വ. എം.പി. സൂര്യനാരായണൻ, പി.ടി. ആസാദ്, എം.കെ പ്രേംനാഥ്, സലീം മടവൂർ, സി.പി ഹമീദ്, ഫൈസൽ എളേറ്റിൽ, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ്, സി.പി.ഐ ജില്ലാ എക്‌സി. അംഗങ്ങളായ കെ.ജി. പങ്കജാക്ഷൻ, കെ.കെ ബാലൻ, പി. കെ നാസർ, പി. സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, പി.കെ കണ്ണൻ, ഇ.സി. സതീശൻ തുടങ്ങിയവർ പങ്കെടുത്തു. മനുഷ്യശൃംഖലയിൽ അണിനിരന്ന മുഴുവൻ ജനങ്ങൾക്കും ഇടതുമുന്നണി നന്ദി അറിയിച്ചു.