കോഴിക്കോട്: സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഇന്ന് ആരംഭിക്കുന്ന ദ്വിദിന കേക്ക് ഷോയിൽ കൊച്ചിൻ ബേക്കറിയുടെ ഭീമൻ പലഹാരങ്ങളും നിരക്കും.
ഇരുപത് കിലോഗ്രാം തൂക്കമുള്ള ഇറച്ചിപ്പത്തിരി, ഒന്നര അടി നീളം വരുന്ന ഉന്നക്കായ, അഞ്ച് കിലോയുടെ ചട്ടിപ്പത്തിരി, മൂന്ന് അടി നീളത്തിൽ നോൺ വെജ് പഫ്‌സ്, പത്ത് അടി നീളമുള്ള സ്റ്റഫ്‌ഡ് ബ്രഡ് ( മസാല നിറച്ചത്) , 70 അടി നീളവും 3 അടി വീതിയുമുള്ള പിസ, അഞ്ച് അടി നീളത്തിൽ ബേക്ക്‌ഡ് ഇലഅട ... ഇങ്ങനെ നീളുന്നു പട്ടിക.
വൈകിട്ട് നാലു മുതൽ രാത്രി എട്ട് വരെയാണ് ഭീമൻ പലഹാരങ്ങളുടെ പ്രദർശനം. ഇവയിൽ മിക്കതും റെക്കോഡ് കുറിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ലിംക ബുക് ഒഫ് റെക്കോഡ്‌സിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭീമൻ പലഹാരങ്ങൾ ഒരുക്കുന്നതെന്ന് കൊച്ചിൻ ബേക്കറി ചെയർമാൻ എം.പി.രമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഭവങ്ങൾ പ്രദർശനശേഷം രാത്രി എട്ടിന് വിശിഷ്ടാതിഥികൾ പൊതുജനങ്ങൾക്ക് മുറിച്ച് നൽകും. പി.പി.മുകുന്ദൻ, പ്രീതു ഷെട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.