499 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ സർവ്വെ നടത്തും

മാനന്തവാടി : റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട പരാതികൾ നേരിൽ കേൾക്കാൻ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള മാനന്തവാടി താലൂക്കിൽ അദാലത്ത് സംഘടിപ്പിച്ചു. എടവക, നല്ലൂർനാട്, തവിഞ്ഞാൽ, വാളാട്, പേര്യ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. വിവിധ വിഷയങ്ങളിലായി 175 പരാതികൾ തീർപ്പാക്കി. ആകെ 525 അപേക്ഷകളാണ് പരിഹാരത്തിനായി എത്തിയത്. അവശേഷിക്കുന്നവയിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

പട്ടയം, കൈവകാശം, നികുതി, അതിർത്തി തർക്കം, ധനസഹായം, ട്രൈബൽ, ലൈഫ്,വനം തുടങ്ങിയ വിഷയങ്ങളാണ് പരാതികളായി എത്തിയത്. മുഴുവൻ പരാതികളും അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
തവിഞ്ഞാൽ, കാഞ്ഞിരങ്ങാട്, മാനന്തവാടി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 499 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിൽ സർവ്വെ നടത്താൻ അദാലത്തിൽ തീരുമാനമായി. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കാൻ സർവ്വെ ഡയറക്ടറോട് ആവശ്യപ്പെടും.

എ.കെ ഖാദർ മിച്ചഭൂമി കേസിൽ ഫെബ്രുവരി 13,14 തിയ്യതികളിൽ പ്രത്യേക സിറ്റിംഗ് നടത്തി തെളിവ് ശേഖരിക്കും. തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു കോളനിക്ക് കുടിവെള്ള വിതരണത്തിനായി മൂന്ന് സെന്റ് റവന്യൂ ഭൂമി വിട്ടു നൽകാനും അദാലത്തിൽ തീരുമാനമായി.

മാനന്തവാടി നഗരസഭ ടൗൺഹാളിൽ നടന്ന അദാലത്തിൽ പഞ്ചായത്ത്തല രജിസ്‌ട്രേഷൻ കൗണ്ടറുകളും അംഗ പരിമിതർക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേകം സഹായ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡപ്യൂട്ടി കലക്ടർ കെ.അജീഷ്, മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു, റവന്യൂ, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, പട്ടിക വർഗ്ഗം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു.