പേരാമ്പ്ര : അരിക്കുളം കെ പി എം എസ് എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മാനവ ശാസ്ത്ര വിഭാഗവും പേരാമ്പ്ര മണ്ഡലം പാഠം വിദ്യാഭ്യാസ സമിതിയും സംയുക്തമായി ആവള പാണ്ടി പാരിസ്ഥിതികം ബദല്‍ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 40 വര്‍ഷത്തോളം തരിശായിക്കിടന്ന കോഴിക്കോടിന്റെ നെല്ലറയായ ആവള പാണ്ടിയെ ജനകീയ കൂട്ടായ്മയിലൂടെ നെല്‍ കൃഷിയിലേക്ക് തിരിച്ച് കൊണ്ടുവന്ന ബദല്‍ വികസന മാതൃകയെ അക്കാദമിക ചര്‍ച്ചക്ക് വിധേയമാക്കാനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 2020ല്‍ വലിയ തോതിലുള്ള വികസന കുതിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനായി നാല് വികസന മിഷനുകള്‍ക്ക് പുറമെ പന്ത്രണ്ട് ഇന പരിപാടികള്‍ കൂടി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത സേനയും കര്‍ഷക സംഘങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന കൃഷിയുടെ നടീല്‍ ഉത്സവം ഹരിത കേരള മിഷന്‍ വൈസ് ചെയര്‍ഴേ്‌സണ്‍ ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളികള്‍ക്കും ഹരിത സേന പ്രവര്‍ത്തകര്‍ക്കുമൊപ്പം വിദ്യാര്‍ത്ഥികളും ചേറിലിറങ്ങി ഞാറുനട്ടു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. ആവള ടി മാനവ സാഹിത്യ പുരസ്‌ക്കാരം വിനോദ് വൈശാഖിക്കും കെപിഎംഎസ്എം എച്എസ്എസ് പ്രസിന്‍സിപ്പാള്‍ പി. സുഹറക്കും ഉപഹാരം നല്‍കി ആദരിച്ചു. സെമിനാറില്‍ ഡോ. ടിഎന്‍. സീമ, കേരള അഗ്രികള്‍ച്ചറല്‍ മെക്കാനൈസേഷന്‍ മിഷന്‍ സിഇഒ ഡോ. ജയകുമാരന്‍, വിഷന്‍ പേരാമ്പ്ര കണ്‍വീനര്‍ എം. കുഞ്ഞമ്മത് എന്നിവര്‍ വിഷയാവതരണം നടത്തി. . ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും അവര്‍ മുപടി നല്‍കി. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധ, പിടിഎ പ്രസിഡന്റ് പ്രേംഭാസില്‍ വി.കെ. നാരായണന്‍, കൊയിലോത്ത് ഗംഗാധരന്‍, വിജയന്‍ ആവള, ഒ. മമ്മു, കൊയിലോത്ത് ശ്രീധരന്‍, പി.സി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ വി. പ്രവീണ്‍ കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.എം. കുഞ്ഞിക്കേളപ്പന്‍ നന്ദിയും പറഞ്ഞു.