കൽപ്പറ്റ: മനഃശാസ്ത്ര കൗൺസിലർമാരുടെ ദേശീയ സമ്മേളനം ഇന്നു മുതൽ 30 വരെ വടുവഞ്ചാൽ അനുരഞ്ജന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി കേന്ദ്രത്തിൽ നടക്കുെമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മനഃശാസ്ത്ര രംഗത്ത് വിദ്യാഭ്യാസ, കൗൺസിലിംഗ്, ക്ലിനിക്കൽ മേഖലകളിൽ ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും നേടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ഇതിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് കേരളം എ.പി.സി.എ.യുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
മാനസിക പ്രശ്നങ്ങളെ അതിജീവിക്കാനും മനസികാരോഗ്യം പരിപോഷിപ്പിക്കാനും സൈക്യാട്രി ഹോമിയോ,ആയുർവേദ, ക്ലിനിക്കൽ, കൗൺസിലിംഗ് എന്നീ മനഃശാസ്ത്ര ശാഖകളുടെ ഏകോപനവും കൂട്ടായ പ്രവർത്തനവും യാഥാർഥ്യമാക്കാനുള്ള സാധ്യതകളെ കണ്ടെത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
29 ന് രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്ത് 'ഇന്ത്യയിലെ മാനസികാരോഗ്യ സാഹചര്യങ്ങളെയും വെല്ലുവിളികളെയും' കുറിച്ച് വിംസ് മെഡിക്കൽ കോളേജിലെ സൈക്ക്യാട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.നിരഞ്ജൻ പ്രസാദ് സംസാരിക്കും.
എ.പി.സി. യുടെ ദേശീയ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യൻ പുത്തേൻ അദ്ധ്യക്ഷത വഹിക്കും സ്വാഗതസംഘം ചെയർമാൻ ഡോ.ജിമ്മി ആക്കാട്ടു സ്വാഗതവും, എ.പി.സി.എ. വൈസ് പ്രസിഡന്റ് ഡോ.ബീന ചേറ്റാനിയിൽ നന്ദിയും പറയും.
'മാനസികാരോഗ്യ പ്രവർത്തകരുടെ വ്യക്തിപരവും തൊഴിൽ പരവുമായ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും' എന്ന വിഷയത്തിൽ കൗൺസിലിംഗ് പരിശീലന വിദഗ്ദ്ധനായ ഡോ. ടോം തോമസ് ക്ലാസ് നയിക്കും. സംസ്ഥാന സർക്കാരിന്റെ മാനസികം പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ഡോ.പ്രിൻസി മത്തായി 'മാനസിക പ്രശ്നങ്ങളോടുള്ള ആയുർവേദ സമീപനങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിലും 'ഹോമിയോപ്പതിയിൽ മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതികൾ' എന്ന വിഷയത്തിൽ അമ്പലവയൽ സെന്റ് മാർട്ടിൻ ഹോസ്പിറ്റലിലെ ഡോ.നാൻസിയും ക്ലാസ് നയിക്കും.
30ന് വയനാട്ടിലെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
ദേശീയ പ്രസിഡന്റ് ഡോ.സെബാസ്റ്റ്യൻ പുത്തേൻ, എക്സിക്യുട്ടീവ് അംഗം ഡോ. ജിമ്മി ആക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.