മാനന്തവാടി: ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റും, മാനന്തവാടി മർച്ചൻസ് അസോസിയേഷനും സംയുക്തമായി നടത്തുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിലുളള 17ാമത് ഉദയ ഫ്ളഡ്ലിറ്റ് ഫുട്‌ബോൾ മത്സരങ്ങൾ കാണുവാൻ ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തുന്നു. മാനന്തവാടി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ സ്റ്റേഡിയത്തിൽ രാത്രി 8 മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒരോ ദിവസവും കലാവിരുന്നുകളും നടക്കുന്നുണ്ട്.

നടൻ ടൊവിനോ തോമസ്, നിർമ്മാതാവ് സോഫിയ പോൾ, പ്രശസ്ത നടി ഷെല്ലി, കരിക്ക് സോഷ്യൽമീഡിയ ഫെയിം സ്‌നേഹ ബാബു, പി.കെ. റോജി തുടങ്ങിയവർ ഇതിനകം തന്നെ ഗ്രൗണ്ടിൽ എത്തിയിരുന്നു.

ഓരോ ടീമിനൊപ്പവും നിരവധി വിദേശ താരങ്ങളും ഉള്ളത് കാണികളെ ആവേശഭരിതരാക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കും നിരവധി ഫുട്‌ബോൾ പ്രേമികളാണ് മത്സരങ്ങൾ കാണാനെത്തുന്നത്. സ്ത്രീകൾക്ക് പ്രത്യേക ഗ്യാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.

മത്സരത്തിന്റെ ഇടവേളയിൽ നടക്കുന്ന ആകാശ വിസ്മയവും കാണികൾക്ക് ആഹ്ളാദം പകരുന്നു.

ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അൽമദീന ചെർപ്പുളശ്ശേരിയും, ഫ്രണ്ട്സ് മമ്പാടും തുല്ല്യത പാലിച്ചതിനെ തുടർന്ന് ഫ്രണ്ട്സ് മമ്പാടിനെ ടോസിലൂടെ വിജയിയായി പ്രഖ്യാപിച്ചു. ഫിഫ മഞ്ചേരി, സൂപ്പർസ്റ്റുഡിയോ മലപ്പുറം, ജവഹർ മാവൂർ,ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്,ശാസ്താ തൃശ്ശൂർ തുടങ്ങിയ പ്രമുഖ ടീമുകൾ വരുംദിവസങ്ങളിൽ മത്സരിക്കും.