കൽപ്പറ്റ: പക്ഷാഘാതം ബാധിച്ച് ഒരു വശം തളർന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയിൽ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തിൽ നിന്നുള്ള അബ്ദുൾറഷീദിന് ഫിഷറീസ് വകുപ്പിന്റെ മികച്ച ശുദ്ധജല മത്സ്യകർഷകനുള്ള സംസ്ഥാന അവാർഡ്. ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പുരസ്‌ക്കാരം സമ്മാനിച്ചു. ജില്ലയിലെ മികച്ച നൂതന മത്സ്യകർഷകനുള്ള അവാർഡ് ഉസ്മാൻ ചോമ്പാളനും അക്വാകൾച്ചർ പ്രൊമോട്ടർക്കുള്ള അവാർഡ് ടി കെ ജ്യോസ്നയും ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിയും ഏറ്റുവാങ്ങി.

മികച്ച രണ്ടാമത്തെ മത്സ്യകർഷകനുള്ള ദേശീയ പുരസ്‌ക്കാരം മാനന്തവാടിയിലെ ജെറാൾഡിനാണ്.

പൊഴുതന പഞ്ചായത്ത് പരിധിയിൽ 100 സെന്റ് വലിപ്പമുള്ള കുളത്തിൽ ഗിഫ്റ്റ് തിലാപ്പിയ മത്സ്യം കൃഷി ചെയ്യുന്ന അബ്ദുൾ റഷീദ് മികച്ച ഒരു ക്ഷീര കർഷകൻ കൂടിയാണ്.

പുന:ചംക്രമണ മത്സ്യകൃഷി ചെയ്ത് വിജയം കൊയ്ത പടിഞ്ഞാറത്തറ പഞ്ചായത്തിൽ നിന്നുള്ള ഉസ്മാൻ ചോമ്പാളനാണ് ജില്ലയിലെ മികച്ച നൂതന മത്സ്യകർഷകൻ. കണിയാമ്പറ്റ പഞ്ചായത്തിൽ നിന്നുള്ള ടി കെ ജ്യോസ്നയ്ക്കാണ് ജില്ലയിലെ മികച്ച അക്വാകൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്‌ക്കാരം.

വയനാട് ഫിഷറീസ് അസി. ഡയരക്ടർ എം ചിത്ര, അസി. എക്സ്റ്റൻഷൻ ഓഫീസർ ആഷിഖ് ബാബു, ഗീത സത്യനാഥൻ, സന്ദീപ് കെ രാജു, ഗ്രഹൻ പി തോമസ്, കെ ഡി പ്രിയ, ഷമീം പാറക്കണ്ടി, വി എം സ്വപ്ന തുടങ്ങിയവരും കർഷകരും പരിപാടിയിൽ സംബന്ധിച്ചു.