നിയമസഭയ്ക്ക് മുന്നിൽ 12ന് സാംസ്‌കാരിക പ്രതിരോധം
കോഴിക്കോട്: യു.എ.പി.എ വകുപ്പുകൾ ചുമത്തിയതിന് വ്യക്തമായ കാരണങ്ങളില്ലെന്നിരിക്കെ അലൻ, താഹ എന്നിവർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് അലൻ - താഹ ഹ്യുമൻ റൈറ്റ്സ് കമ്മിറ്റി കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇരുവരും മാവോയിസ്റ്റാണെന്ന് മുഖ്യമന്ത്രിയടക്കം പറയുന്നു. എന്നാൽ ഇവർ ചെയ്ത കുറ്റമെന്തെന്ന് പറയുന്നില്ല. എന്തെങ്കിലും കുറ്റകൃത്യത്തിന്റെ പേരിലായിരുന്നില്ല അറസ്റ്റ്. എൻ.ഐ.എ ഏറ്റെടുത്ത കേസ് സംസ്ഥാനത്തിന് കൈമാറാൻ എൽ.ഡി.എഫ് സർക്കാർ അഭ്യർത്ഥിക്കണം. തുടർന്ന് ഇരുവരെയും കുറ്റവിമുക്തരാക്കി മോചനത്തിനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത് - കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ.അജിത, പി.കെ പോക്കർ എന്നിവർ പറഞ്ഞു.
ഏറ്റെടുത്ത കേസുകൾ എൻ.ഐ.എ ആക്ട് 7 ബി ഉപവകുപ്പ് പ്രകാരം സംസ്ഥാനങ്ങൾക്ക് കൈമാറാവുന്നതേയുള്ളൂ. സംസ്ഥാന സർക്കാർ എൻ.ഐ.എ യോട് ആവശ്യപ്പെട്ടാൽ മതി. ഇതിനായി ഫെബ്രുവരി 12ന് നിയമസഭയ്ക്ക് മുന്നിൽ സാംസ്‌കാരിക പ്രതിരോധം തീർക്കുമെന്ന് നേതാക്കൾ പറഞ്ഞു. അലന്റെയും താഹയുടേയും മോചനത്തിനായി നൂറു കണക്കിനാളുകൾ ഒപ്പ് വെച്ച നിവേദനം മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കും.
യു.എ.പി.എ യെ എതിർക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെ അറസ്റ്റ് നടന്നത് തീർത്തും ദൗർഭാഗ്യകരമാണ്. യു.എ.പി.എ ഭേദഗതിയ്ക്കു ശേഷം വന്ന ആദ്യ കേസാണിതെന്നിരിക്കെ ഏറെ പ്രാധാന്യമുണ്ട്. പൊലീസിന് കീഴ്പെടേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എൻ.പി.ചെക്കുട്ടി, കെ.പി.പ്രകാശൻ എന്നിവരും സംബന്ധിച്ചു.