കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 10 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപം വെച്ച് യാത്ര ആരംഭിക്കും.

ഏറ്റവും മുന്നിൽ രാഹുൽ ഗാന്ധി ദേശീയ പതാകയേന്തി ജാഥ നയിക്കും. തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും, ഭരണഘടന ആമുഖവും, ദേശീയ പതാകയുമേന്തി വളണ്ടിയർമാർ അണിനിരക്കും. സംസ്ഥാന നേതാക്കളും, സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. വിദ്യാർത്ഥികളും വനിതകളും സേവാദൾ വൈറ്റ് ഗാർഡ് വളണ്ടിയർമാരും പൊതുജനങ്ങളും അണിചേരും.

കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുന്ന പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യൻ ജനതയെ ജാതിയവും മതപരവുമായി ഭിന്നിപ്പിക്കാനും, ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ തകർക്കാനും ലക്ഷ്യമിട്ട് ഭരണകൂടം കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയും, ദേശീയ പൗരത്വ രജിസ്‌ട്രേഷനും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ അണിനിരന്ന് നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ രാഹുൽഗാന്ധി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര നടത്തുന്നത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി. യോഗത്തിൽ പി.സി വിഷ്ണുനാഥ്, കെ.സി റോസക്കുട്ടി, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എ. പി അനിൽകുമാർ എം.എൽ.എ, എൻ.സുബ്രമണ്യൻ, എൻ.ഡി അപ്പച്ചൻ, കെ.കെ അഹമ്മദ്ഹാജി എന്നിവർ സംസാരിച്ചു.