കൽപ്പറ്റ: ജില്ലയിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് വിതരണം ചെയ്തതിനും വിൽപന നടത്തിയതിനും വിവിധ സ്ഥാപനങ്ങൾക്ക് 10.55 ലക്ഷം രൂപ പിഴ വിധിച്ചു. മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്‌ജൂഡിക്കേറ്റിംഗ് ഓഫീസറാണ് (ആർ.ഡി.ഒ കോടതി) പിഴയിട്ടത്.
കേര ക്രിസ്റ്റൽ ബ്രാന്റ് ഉൽപാദകരായ പാലക്കാട് ആഫിയ കോക്കനട്ട് ഓയിൽ മിൽ, കേരള റിച്ച് ബ്രാന്റ് ഉൽപാദകരായ പാലക്കാട് ഫോർസ്റ്റാർ അസോസിയേറ്റസ് എന്നീ സ്ഥാപനങ്ങളുടെ ലൈസൻസികളും വിൽപന നടത്തിയ വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസികളുമാണ് പിഴ അടയ്ക്കേണ്ടത്. കൽപ്പറ്റ,സുൽത്താൻ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസർമാർ പരിശോധനയ്ക്കായി എടുത്തയച്ച സാമ്പിളുകളിൽ നിലവാരമില്ലാത്തത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്‌ജൂഡിക്കേറ്റിംഗ് ഓഫീസർ (ആർ.ഡി.ഒ.) കോടതി ഫയൽ ചെയ്ത കേസിലാണ് പിഴയടയ്ക്കാൻ ഉത്തരവുണ്ടായത്.
പാലക്കാട് ആഫിയ കോക്കനട്ട് ഓയിൽ മിൽ അഞ്ച് ലക്ഷം രൂപയും കേര ക്രിസ്റ്റൽ ബ്രാന്റ് വെളിച്ചെണ്ണ വിൽപന നടത്തിയ കൽപ്പറ്റയിലെ ഗോൾഡൻ ഹൈപ്പർമാർക്കറ്റ് നാല് ലക്ഷം രൂപയും പാലക്കാട് ഫോർസ്റ്റാർ അസോസിയേറ്റ്സ് ഒരു ലക്ഷം രൂപയും കേരള റിച്ച് ബ്രാന്റ് വെളിച്ചെണ്ണ വിൽപന നടത്തിയ അമ്പലവയൽ സോന ഹൈപ്പർമാർക്കറ്റ് 55,000 രൂപയും പിഴയടയ്ക്കണം.