മാലിന്യം എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൾ നടന്ന പാർട്ടിയുടേത്
പിടിഎ പ്രസിഡൻറ് പിഴ അടയ്ക്കണം
പൊലീസ് കേസ് എടുക്കും
മുക്കം: ഇരുട്ടിന്റെ മറവിൽ പൊതു സ്ഥലത്ത് മാലിന്യം തള്ളി കടന്നു കളഞ്ഞവരെ മുക്കം നഗരസഭാധികൃതർ പിന്തുടർന്ന് പിടികൂടി നിയമ നടപടിക്ക് വിധേയരാക്കി. മാലിന്യം കള്ളന്തോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ പി.ടി.എ നടത്തിയ പാർട്ടിയുടെ അവശിഷ്ടമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചേന്ദമംഗല്ലൂർ പുൽപറമ്പിലെ പാതയോരത്തും വയലിലും മറ്റുമാണ് കഴിഞ്ഞ ദിവസം രാവിലെ ഭക്ഷ്യാവശിഷ്ടമടക്കമുള്ള മാലിന്യം തള്ളിയതായി കണ്ടെത്തിയത്. സമീപവാസികളുടെ പരാതിയിൽ നഗരസഭയിൽ നിന്ന് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തിയവരെ പറ്റി സൂചന ലഭിച്ചത്. കാറ്ററിങ്ങുകാർ സാധാരണ പാർട്ടികളിൽ ഉപയോഗിക്കാത്ത ഇറ്റലിയൻ പാസ്ത തുടങ്ങിയ വിഭവങ്ങളുടെ അവശിഷ്ടങ്ങളും ചില സ്ഥാപനങ്ങളുടെ ബ്രോഷറുകളും മറ്റും കണ്ടതോടെയാണ് അന്വേഷണം എളുപ്പമായത്. തുടർന്ന് സ്കൂൾ പി.ടി.എ.പ്രസിഡൻറിൽ നിന്ന് 25000/- രൂപ പിഴ ഈടാക്കാൻ നടപടി സ്വീകരിച്ചു. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പൊലീസ് ആക്ട് പ്രകാരമുള്ള നടപടിക്ക് മുക്കം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മാലിന്യ നിക്ഷേപം തടയാൻ കർശന നടപടി തുടരുമെന്ന് നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് അറിയിച്ചു.