npr
എൻ.പി ആർ നടപടികൾ നിറുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ളീം ലീഗ് രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമനാട്ടുകര നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച്

രാമനാട്ടുകര: എൻ.പി.ആർ പുതുക്കുന്നതിന്റെ ഭാഗമായി സെൻസസിന് അദ്ധ്യാപകരുടെ വിവരങ്ങൾ നൽകണമെന്ന് കാണിച്ച് സ്കൂൾ അധികൃതർക്ക് രാമനാട്ടുകര നഗരസഭ സെക്രട്ടറി അയച്ച ഉത്തരവിനെതിരെ പ്രതിഷേധം ഇരമ്പി. സി.പി.എമ്മിന്റെയും മുസ്ലീ ലീഗിന്റെയും നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ കൂട്ടധർണ നടത്തി. ഉത്തരവിന്റെ പകർപ്പ് സി.പി.എം പ്രവർത്തകർ കത്തിച്ചു.

കഴിഞ്ഞ 26 നാണ് സെക്രട്ടറി നഗരസഭ പരിധിയിലെ 14 സ്കൂളുകളിലേക്ക് ഉത്തരവ് വിട്ടത്. 2021 ലെ ദേശീയ സെൻസൻസിനു എന്യുമറേറ്റേർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ പട്ടിക തയ്യാറാക്കുന്നതിനായി സ്ഥാപനത്തിലെ മുഴുവൻ അദ്ധ്യാപരുടെയും പേര് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെൻസസ് ഡയറക്ടറേറ്റിൽ നിന്നു ലഭിച്ച ഉത്തരവിന്റെ പകർപ്പും ഒപ്പം വെച്ചിരുന്നു. എൻ.പി ആർ പുതുക്കുന്നതിന്റെ ഭാഗമാണിതെന്നും പറയുന്നുണ്ട്. ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. എൻ.പി ആർ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ ഉത്തരവ് അനവസരത്തിലാണെന്ന് അദ്ധ്യാപകർ പറയുന്നു.

ഉത്തരവ് സ്കൂളുകളിൽ കിട്ടിയതിനു പിറകെ തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് വിവരമെത്തി. വൈകാതെ പ്രതിഷേധമാർച്ചുമായി. ആദ്യം മുസ്ളിം ലീഗ് രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്. ഈ സമയത്ത് നഗരസഭ ചെയർമാനോ സെക്രട്ടറിയോ സ്ഥലത്തുണ്ടായിരുന്നില്ല. ഉത്തരവിന്റെ കോപ്പി കത്തിച്ചായിരുന്നു സി.പി.എം പ്രതിഷേധത്തിന്റെ തുടക്കം.

എൻ.പി ആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതാണെന്ന് കാണിച്ച് ഉച്ചയ്ക്ക് കളക്ടറേറ്റിൽ നിന്ന് നിർദ്ദേശം വന്നതോടെ സ്കൂളുകൾക്ക് അയച്ച കത്ത് പിൻവലിക്കുന്നതായി സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ട് എൻ.സുരേഷ് കുമാർ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ഈ അറിയിപ്പ് സ്കൂളുകളിലേക്ക് എത്തിക്കാനുള്ള ഏർപ്പാടും ചെയ്തു.

എൻ.പി.ആർ സംബന്ധിച്ച് ആദ്ധ്യാപകർക്കായി അയച്ച ഉത്തരവ് സംബന്ധിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ പറഞ്ഞു. ​