പുൽപ്പള്ളി: പുൽപ്പള്ളി കാപ്പിസെ​റ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്‌കൂളിന്റെ നിർമ്മാണം ആരംഭിച്ച മതിൽ സാമൂഹിക വിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിലാണ് സ്‌കൂളിന് ഗ്രൗണ്ട് നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെതിരെ സമീപവാസികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

സമീപത്തെ ആദിവാസികോളനിയിലേയ്ക്കടക്കം സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുകൂടെ വഴി അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം.

മതിൽ പൊളിക്കുമെന്ന സൂചനയെത്തുടർന്ന് രാത്രി പൊലീസുകാർ കാവൽ നിന്നിരുന്നു. ഇവർ രാത്രി പോയ തക്കംനോക്കിയാണ് മതിൽ തകർത്തത്. സ്‌കൂൾ അധികൃതർ പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


(ഫോട്ടൊ- സ്‌കൂളിന്റെ ചു​റ്റുമതിൽ തകർത്തനിലയിൽ)