m-kamalam

കോഴിക്കോട്: മുൻ മന്ത്രിയും സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സണുമായിരുന്ന കോൺഗ്രസ് നേതാവ് എം.കമലം (94) ഓർമ്മയായി. നടക്കാവ് ചക്കോരത്തുകുളത്തെ വസതിയിൽ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് ആറരയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മൂത്ത മകൻ യതീന്ദ്രദാസ് ചിതയ്ക്ക് തീകൊളുത്തി.

കെ.കരുണാകരൻ മന്ത്രിസഭയിൽ (1982 - 87) സഹകരണ മന്ത്രിയായിരുന്നു. 1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 1980ൽ കോഴിക്കോട്ടു നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കല്പറ്റയിൽ നിന്നാണ് 82ൽ തിരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂരിൽ 1958ൽ നടന്ന കെ.പി.സി.സി സമ്മേളനത്തിൽ 20,000 വനിതകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ ശ്രദ്ധ കമലത്തിൽ പതിയുകയായിരുന്നു. പിന്നീട് കോൺഗ്രസിന്റെ വനിതാ വിഭാഗം സംസ്ഥാന കൺവീനറായി. 1964ൽ കെ.സി. അബ്രഹാം കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ മൂന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. കെ.പി.സി.സി. വൈസ് പ്രസിഡന്റ്, എ.ഐ.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ്: പരേതനായ മാമ്പറ്റ സാമിക്കുട്ടി. മക്കൾ: എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തൻ, എം.മുരളി, എം. രാജഗോപാൽ, എം.വിജയകൃഷ്ണൻ.